യുഎന്‍ ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മോനിച്ചന്‍ കളപ്പുരയ്ക്കലിന് വീണ്ടും അംഗീകാരം
Monday, August 25, 2014 3:58 AM IST
വിയന്ന: വിയന്നയിലെ യുഎന്‍ ആസ്ഥാനത്തു നടന്ന ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മോനിച്ചന്‍ കളപ്പുരയ്ക്കലിന് വീണ്ടും അംഗീകാരം. വിയന്നയിലെ യുഎന്‍ ഫോട്ടോ ക്ളബ് ഓസ്ട്രിയയിലെ എല്ലാ എംബസികളിലേയും യുഎന്‍ ഓഫിസുകളിലേയും ഉദ്യോഗസ്ഥര്‍ക്കു വേണ്ടി നടത്തിയ വാര്‍ഷിക ഫോട്ടോഗ്രാഫി മല്‍സരത്തിലാണ് മോനിച്ചന്‍ കളപ്പുരയ്ക്കലിന്റെ മൂന്ന് ഫോട്ടോകള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും രഹസ്യബലറ്റിലൂടെയാണ് 25 മികച്ച ഫോട്ടോകള്‍ തെരഞ്ഞെടുത്തത്. ആനുകാലിക പ്രസക്തമായ വിഷയങ്ങളെ പ്രതിനിധീകരിച്ചു നടത്തിയ മത്സരത്തില്‍ തന്റെ മിഴിവാര്‍ന്ന ഫോട്ടോകളിലൂടെ മാതൃരാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുവാന്‍ അദ്ദേഹത്തിനായി.

ഫോട്ടോഗ്രാഫി തന്റെ ജീവിതചര്യയായി കൊണ്ടു നടക്കുന്ന അദ്ദേഹത്തിന് കഴിഞ്ഞമാസം ഏകാന്തത എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മല്‍സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചിരുന്നുരുന്നു.കൂടാതെ ഐക്യരാഷ്ട്രസഭയുടെ നിരവധി ഫോട്ടോ മത്സരങ്ങളില്‍ അനവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ 5 ഫോട്ടോകല്‍ 2011 ലെ മല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.കൂടാതെ യുഎന്നിന്റെ തന്നെ ഫോട്ടോ ഓഫ് ദി ഇയര്‍ അവാര്‍ഡും പലവട്ടം ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.2005ല്‍ ഐക്യ രാഷ്ട്ര സഭ നേരിട്ട് നടത്തിയ കൂടുതല്‍ സുരക്ഷിതമയ ലോകം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മല്‍സരത്തില്‍ കാഷ് അവാര്‍ഡും പ്രശസ്തിപത്രവും അദ്ദേഹം നേടിയിരുന്നു.

ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയില്‍ നിന്ന് വിരമിച്ച ശേഷം പതിനെട്ടു വര്‍ഷമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ജോലി ചെയ്തു വരികയാണ്. ഫോട്ടോഗ്രഫിക്കു പുറമേ പത്രപ്രവര്‍ത്തന രംഗത്തും , കവിതാ രചനയിലും വ്യക്തിമുദ്ര പതിപ്പിച്ച മോനിച്ചന്‍ , ചങ്ങനാശ്ശേരി കൂത്രപ്പള്ളി കളപ്പുരയ്ക്കല്‍ സെബാസ്റ്യന്റെയും ഏലിയാമ്മയുടെയും മകനാണ്.വിയന്നയില്‍ നേഴ്സായ ലിറ്റിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ലിമി ലിയോ എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍