മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ മുന്‍കൈയെടുക്കുന്നു
Sunday, August 24, 2014 7:14 AM IST
ന്യൂയോര്‍ക്ക്: ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും മടങ്ങിയെത്തിയ നഴ്സുമാരുടെ പുനരധിവാസത്തിന് പ്രവാസി മലയാളി ഫെഡറേഷന്‍ നോര്‍ക്കയും വനിതാ കമ്മീഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട് അറിയിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്റെ കോട്ടയത്തുനടന്ന 'പ്രവാസി മലയാളി സംഗമം 2014'ല്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന ഇറാഖില്‍ നിന്നും ലിബിയയില്‍ നിന്നും എല്ലാം നഷ്ടപ്പെട്ട് മടങ്ങിയെത്തിയ നൂറു കണക്കിനു നഴ്സുമാര്‍ കുടുംബസമേതം പങ്കെടുക്കുകയും അവരുടെ ആവശ്യങ്ങള്‍ സംഘടനയെയും പങ്കെടുത്തിരുന്ന മന്ത്രിമാരെയും അറിയിക്കുകയും ചെയ്തു.

ഗവണ്‍മെന്റില്‍ നിന്നുള്ള പ്രാദേശിക സഹായങ്ങള്‍ കൂടാതെ അവര്‍ക്കെല്ലാവര്‍ക്കും പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫ് നാടുകളില്‍ ജോലികൊടുക്കുവാന്‍ ധാരണയുമായി. എന്നാല്‍ അതില്‍ പലര്‍ക്കും ഗള്‍ഫില്‍ ജോലി ലഭിക്കണമെങ്കില്‍ ലൈസന്‍സ് എന്നൊരു കടമ്പ മറികടന്നേ മതിയാവുകയുള്ളു. ഇവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുവാന്‍ ആവശ്യമായ സൌജന്യ വിദ്യാഭ്യാസ സഹായങ്ങള്‍ നോര്‍ക്കയും വനിതാ കമ്മീഷനുമായി ചേര്‍ന്ന് ചെയ്തുകൊടുക്കാനും തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുമായി സഹകരിച്ച് ഇവര്‍ക്ക് ജോലി നല്‍കാനുമാണ് പ്രവാസി മലയാളി ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്റെ ഈ തീരുമാനത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രവാസികാര്യ മന്ത്രി കെ.സി ജോസഫ്, എന്നിവര്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍