ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു
Friday, August 22, 2014 5:55 AM IST
വാട്ടര്‍ഫോര്‍ഡ്: ഓര്‍ത്തഡോക്സ് സഭയുടെ അയര്‍ലന്‍ഡിലെ സൌത്ത് ഈസ്റ് ഇടവകകള്‍ സംയുക്തമായി വാട്ടര്‍ഫോര്‍ഡില്‍ നടത്തിയ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു.

യൂറോപ്പ് ഭദ്രാസന മെത്രാപോലീത്ത ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി കാതോലിക്കേറ്റ് പതാക ഉയര്‍ത്തിയതോടു കൂടി ചടങ്ങുകള്‍ക്കു തുടക്കമായി. ചോദ്യോത്തര വേളകള്‍, സംഗീത പഠന ക്ളാസുകള്‍, ടാലന്റ് പ്രോഗ്രാം വിവിധ ഇടവകകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, കുട്ടികളുടെ ഡാന്‍സ്, സ്കിറ്റുകള്‍, വിവിധ ഗായകര്‍ ആലപിച്ച സംഗീത വിരുന്ന് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ കാണികളുടെ കൈയടി നേടി.

ഞായറാഴ്ച്ച രാവിലെ തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഡബ്ളിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. അനീഷ് സാം വി. കുര്‍ബാന മധ്യേ നടത്തിയ പ്രസംഗം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകുന്നതായിരുന്നു. ഫാ. ടി. ജോര്‍ജ് നേതൃത്വം നല്‍കിയ കാലിക പ്രാധാന്യമുള്ള ഡിബേറ്റില്‍ നിരവധി ആളുകള്‍ ക്രിയാത്മക പ്രതികരണങ്ങള്‍ നടത്തി. ഇടവക മെത്രാപോലീത്ത, മാര്‍ത്തോമ സഭയിലെ വൈദികന്‍ റവ. ജെയിംസന്‍ തുടങ്ങിയവര്‍ നടത്തിയ ക്ളാസുകള്‍ അവതരണത്തിലെ വ്യത്യസ്ഥത കൊണ്ടു ശ്രദ്ധേയമായി. പരിപാടികള്‍ക്കുശേഷം കായിക മത്സരങ്ങളും നടത്തി. രണ്ടു ദിവസം നീണ്ടു നിന്ന പരിപാടികളില്‍ അയര്‍ലന്‍ഡിലെ വിവിധ ഇടവകകളില്‍ നിന്നും നിരവധി ആളുകള്‍ പങ്കെടുത്തു. ഫാ. യെല്‍ദൊ വര്‍ഗീസ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: വി. രാജന്‍