ലണ്ടന്‍: യൂണിയന് ഓഫ് യുകെ മലയാളി അസോസിയേഷന്‍സിന്റെ പ്രശസ്തമായ കലാമത്സരങ്ങള്‍ക്ക് യുകെയിലെ മലയാളി സമൂഹം അണിഞ്ഞൊരുങ്ങിത്തുടങ്ങി.
കേരളത്തിനു പുറത്ത് ഏറ്റവുമധികം മലയാളി കലാകാരന്മാരും കലാകാരികളും മാറ്റുരക്കുന്ന ഈ പ്രവാസി മലയാളി കലാമേളയ്ക്ക് യുകെയിലെ പ്രശസ്ത നഗരമായ ലെസ്റര്‍ ആണ് വേദിയാകുന്നത്. യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലെസ്റര്‍ കേരള കമ്യൂണിറ്റി ആണ് ഇത്തവണ നാഷണല്‍ കലാമേള വിജയകരമായി നടത്തുക എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്തിരിക്കുന്നത്. അംഗ അസോസിയേഷനിലെ അംഗങ്ങളുടെ കലാപരവും സാംസ്കാരികവുമായ ഉന്നമനത്തെ ലക്ഷ്യം വച്ച് സംഘടിപ്പിക്കുന്ന യുക്മ കലാമേള ലോകത്തെ പ്രവാസി മലയാളി സമൂഹങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ഏറ്റവും വലിയ കലാ മാമാങ്കമാണ്.
41 ഇനങ്ങളിലായി ആയിരക്കണക്കിന് കലാകാരന്മാരാണ് യുക്മ നാഷണല്‍ കലാമേളക്ക് പ്രാരംഭമായി ഓരോ റീജിയണിലും സംഘടിപ്പിക്കുന്ന റീജിയണല്‍ കലാമേളകളില്‍ മാറ്റുരക്കുന്നത്. റീജിയണല്‍ കലാമേളയിലെ വിജയികള്‍ക്ക് മാത്രമേ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ യുക്മയുടെ എല്ലാ റീജിയണുകളും റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒക്ടോബര്‍ ആദ്യവാരം മുതല്‍ തന്നെ യുക്മ റീജിയണല്‍ കലാമേളകള്‍ ആരംഭിക്കുമെന്ന് വിവിധ റീജിയണുകളിലെ ഭാരവാഹികള്‍ അറിയിച്ചു കഴിഞ്ഞു. യുക്മയുടെ ഒമ്പതു റീജിയണുകളും കലാമേള നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി.
കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നിങ്ങനെ പ്രായക്രമം അനുസരിച്ച് മത്സരാര്‍ഥികളെ നാലായി തരം തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകമായാണ് മത്സരങ്ങള്‍ നടത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍സ് ആന്‍ഡ് ഗ്രൂപ്പ്, ക്ളാസിക്കല്‍ ഡാന്‍സ് ഗ്രൂപ്പ്, നാടോടി നൃത്തം, ഫാന്‍സി ഡ്രസ്, മലയാളം പ്രസംഗം, മലയാളം കഥ പറയല്‍, നഴ്സറി പാട്ട് മത്സരം, സംഗീതം, ഗ്രൂപ്പ് സോംഗ്, മോണോ ആക്ട്, മാര്‍ഗം കളി, ഒപ്പന, തിരുവാതിര എന്നിങ്ങനെ 17 ഇനങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഇതില്‍ ചില മത്സരങ്ങള്‍ കുട്ടികള്‍ക്ക് (കിഡ്സ്) മാത്രവും മറ്റുചിലത് സബ്ജൂണിയേഴ്സിന് മാത്രവും ആയിരിക്കും. മത്സരങ്ങളുടെ പൂര്‍ണ വിവരങ്ങളും റീജിയണല്‍ കലാമേളകള്‍ നടക്കുന്ന തീയതികള്‍, സ്ഥലങ്ങള്‍ തുടങ്ങിയ വിവരങ്ങളും സെപ്റ്റംബര്‍ ഒന്നു മുതല്‍ യുക്മ വെബ്സൈറ്റില്‍ ലഭ്യമാണ്.
റിപ്പോര്‍ട്ട്: ബാലാ സജീവ് കുമാര്‍