സംയുക്ത ഏകദിന സെമിനാര്‍ ഓഗസ്റ് 23ന്
Thursday, August 21, 2014 8:34 AM IST
ജോര്‍ജിയ: അമേരിക്കന്‍ മലങ്കര അതിഭദ്രാസന സൌത്ത് ഈസ്റ് റീജിയണ്‍ സെന്റ് മേരീസ് വിമന്‍സ് ലീഗ്, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് എന്നിവയുടെ സംയുക്ത ഏകദിന സെമിനാര്‍ ഓഗസ്റ് 23 ന് (ശനി) അഗസ്ത്യാ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഇടവക മെത്രാപോലീത്ത യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ നടക്കും.

വിവാഹ ജീവിതത്തില്‍ ആശയ വിനിമയത്തിന്റെ പ്രസക്തി എന്നതായിരിക്കും സെമിനാറിലെ പ്രധാന ചിന്താവിഷയം. ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളില്‍ ജീവിതത്തിലേക്ക് അനുദിനം കടന്നുവരുന്ന സുഖ ദുഃഖങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക വഴി, സന്തോഷവും ആത്മവിശ്വാസവും വിശ്വസ്തതയും കുടുംബ ജീവിതത്തില്‍ വളര്‍ത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് തിരുവചനാടിസ്ഥാനത്തില്‍ പ്രഗത്ഭ സുവിശേഷ പ്രാസംഗികനായ ഫാ. സാമുവല്‍ വര്‍ഗീസ്, മുഖ്യ പ്രഭാഷണം നടത്തും.

വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ, ക്രിസ്ത്യന്‍ ഗാനങ്ങള്‍ സെമിനാറിന് കൊഴുപ്പേകും.

ഈ ആത്മീയ വിരുന്ന് വിജയകരമാക്കി തീര്‍ക്കുന്നതിന് വിമന്‍സ് ലീഗ് ജനല്‍ സെക്രട്ടറി മിലന്‍ റോയി, റിജിയണല്‍ സെക്രട്ടറി ജെസി പീറ്റര്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പ് ജനറല്‍ സെക്രട്ടറി ഷെവലിയാര്‍ ഏബ്രഹാം മാത്യൂസ്, റീജിയണല്‍ സെക്രട്ടറി ഷാജി പീറ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തു വരുന്നത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍