ഫിലാഡല്‍ഫിയ കാത്തലിക് അസോസിയേഷന്റെ ഹെറിറ്റേജ് ഡേ ആഘോഷം ശനിയാഴ്ച്ച
Wednesday, August 20, 2014 3:54 AM IST
ഫിലഡല്‍ഫിയ: ഓഗസ്റ്റ് 23 ശനിയാഴ്ച നടക്കുന്ന ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ (ഐ. എ. സി. എ.) ഭാരവാഹികള്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 4.30ന് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ആഘോഷപരിപാടികള്‍ ആരംഭിക്കും. ദാമ്പത്യജീവിതത്തില്‍ ഇരുപത്തിയഞ്ചും, അതിലധികവും വര്‍ഷങ്ങള്‍ പിന്നിട്ട ദമ്പതിമാരെ ആദരിക്കുന്ന ചടങ്ങും അന്നേദിവസം ക്രമീകരിച്ചിട്ടുണട്. ഫിലാഡല്‍ഫിയ അതിരൂപതാ ആക്സിലിയറി ബിഷപ് അഭിവന്ദ്യ മൈക്കിള്‍ ജെ. ഫിറ്റ്സ്ജെറാള്‍ഡ് ആയിരിക്കും മുഖ്യാതിഥി.

ഒരേ വിശ്വാസം, പല പാരമ്പര്യങ്ങള്‍ എന്ന ഐക്യകാഹളം മുഴക്കി വിശാലഫിലാഡല്‍ഫിയ റീജിയണിലെ സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കര്‍ ഒത്തുചേര്‍ന്ന് നടത്തുന്ന ഹെറിറ്റേജ് ഡേ ആഘോഷങ്ങളിലേക്കും സില്‍വര്‍ ജൂബിലി ദമ്പതികളെ ആദരിക്കുന്ന ചടങ്ങിലേക്കും എല്ലാവരെയും ഭാരവാഹികള്‍ ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നു.

അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റം ആരംഭിച്ച അറുപതുകളിലും എഴുപതുകളിലും വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ താമസമുറപ്പിച്ച സീറോമലബാര്‍, സീറോമലങ്കര, ക്നാനായ, ലത്തീന്‍ കുടുബാംഗങ്ങള്‍ സമൂഹവളര്‍ച്ച നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. രണ്ടു മൂന്നുന്ന ദശാബ്ദക്കാലം പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്ത് ജോലിചെയ്ത് കുടുംബത്തെ മുഴുവന്‍ കരകയറ്റിയ ആദ്യതലമുറയില്‍പെട്ട മിക്കവരും തന്നെ ഇന്ന് റിട്ടയര്‍മെന്റ് ലൈഫ് നയിക്കുന്നവരാണ്. അവരെ സമൂഹത്തിന്റെ മുന്‍നിരയില്‍ കൊണ്ടുവരുന്നതിനും, അവരനുഭവിച്ച കഷ്ഠതകള്‍ പിന്നീടു വന്നവര്‍ക്കു മനസിലാക്കികൊടുക്കുന്നതിനും ഉദ്ദേശിച്ചാണു സീനിയര്‍ കപ്പിള്‍സിനെ ആദരിക്കുന്നത്. അവര്‍ സ്വകുടുംബങ്ങള്‍ക്കും, സമൂഹത്തിനും ചെയ്തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കുന്നതോടൊപ്പം അവരെ മുഖ്യധാരയിലേക്കാകര്‍ഷിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടിതിനു. അഞ്ചു മണിക്ക് ജൂബിലി ദമ്പതിമാര്‍ പ്രദക്ഷിണമായി കൃതജ്ഞതാബലിയര്‍പ്പണത്തിനു ബിഷപ്പിനും, സഹകാര്‍മ്മികര്‍ക്കുമൊപ്പം മദ്ബഹയിലേക്ക് ആനയിക്കപ്പെടും. ഫിലാഡല്‍ഫിയാ അതിരൂപതയുടെ സഹായ മെത്രാന്‍ മൈക്കിള്‍ ജെ. ഫിറ്റ്സ്ജെറാള്‍ഡ് മുഖ്യകാര്‍മ്മികനായി അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയില്‍ റവ. ഫാ. ജോണിക്കുട്ടി പുലിശേരി, റവ. ഡോ. മാതണ്ട മണക്കാട്ട്, റവ. ഫാ. തോമസ് മലയില്‍, റവ. ഫാ. ഷാജി സില്‍വ, റവ. ഫാ. എഡിസണ്‍ യോഹന്നാന്‍ എന്നിവരും, മറ്റു വൈദികരും സഹകാര്‍മ്മികരായിരിക്കും.

ദമ്പതിമാര്‍ ഒന്നിച്ച് ബിഷപ്പിനും മറ്റു വൈദികര്‍ക്കുമൊപ്പം ജൂബിലി കേക്ക് മുറിച്ച് പങ്കുവക്കും. ദമ്പതികള്‍ക്കുള്ള പാരിതോഷികവും ഈ അവസരത്തില്‍ നല്‍കപ്പെടും. തുടര്‍ന്ന് ഡിന്നറും വിവിധ കലാപരിപാടികളും നടക്കും. ബേബി തടവനാല്‍, നിമ്മി ദാസ് എന്നിവര്‍ കോര്‍ഡിനേറ്റുചെയ്തവതരിപ്പിക്കുന്ന നൃത്തങ്ങള്‍ ഹൃദയഹാരിയായിരിക്കും.

ഇന്‍ഡ്യന്‍ ക്രിസ്റ്യാനിറ്റിയെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷന്‍, യൂത്ത് ഡാന്‍സുകള്‍ എന്നിവയും കലാപരിപാടികളുടെ ഭാഗമായി ഉണ്ടാാവും. ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി വികാരിയും, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ റവ. ഫാ. ജോണിക്കുട്ടി പുലിശേരി, സെന്റ് ജൂഡ് സീറോമലങ്കര ഇടവക വികാരിയും അസോസിയേഷന്‍ വൈസ് ചെയര്‍മാനുമായ റവ. ഫാ. തോമസ് മലയില്‍, സെ. ജോണ്‍ ന്യുമാന്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടറും മുന്‍ ചെയര്‍മാനുമായ റവ. ഡോ. മാതണ്ട മണക്കാട്ട്, ഇന്‍ഡ്യന്‍ ലാറ്റിന്‍ കാത്തലിക് മിഷന്‍ ഡയറക്ടര്‍മാരായ റവ. ഫാ. രാജു പിള്ള, റവ. ഫാ. ഷാജി സില്‍വ, അസോസിയേഷന്‍ പ്രസിഡന്റ് ജോസ് മാളേക്കല്‍, വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ചാരാത്ത്, സെക്രട്ടറി ലിസ് ഓന്നിന്‍, ജോ. സെക്രട്ടറി ബിജു ജോണ്‍, ട്രഷറര്‍ ജോസ് ആറ്റുപുറം, ഈവന്റ് കോര്‍ഡിനേറ്റര്‍ ഡോ. ജയിംസ് കുറിച്ചി, മുന്‍ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, കമ്മിറ്റി അംഗങ്ങളായ ജോസഫ് മാണി, സണ്ണി പടയാറ്റില്‍, ടെസി മാതണ്ട, സാബു ജോസഫ്, ജോസ് പാലത്തിങ്കല്‍, ഡൊമിനിക്ക് ജേക്കബ്, ജോസഫ് സക്കറിയ, ഫിലിപ് എടത്തില്‍, രാജു ജോസഫ്, ഓന്നിന്‍ ജോണ്‍, ജോര്‍ജ് പനക്കല്‍, സൂസന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള സീറോമലബാര്‍ മരിയന്‍ മദേഴ്സ് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍ക്കും.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍