റോക്ക്ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ വി.ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ കൊണ്ടാടി
Wednesday, August 20, 2014 3:08 AM IST
ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആണ്ടുതോറും ആഘോഷിക്കാറുള്ള വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ് 15, 16 (വെള്ളി, ശനി) തിയ്യതികളില്‍ വിപുലമായി കൊണ്ടാടി.

15ന് വെള്ളിയാഴ്ച വൈകീട്ട് സന്ധ്യാനമസ്ക്കാരം റവ. ഫാ. തോമസ് പോള്‍, റവ. ഫാ. എന്‍.കെ. ഇട്ടന്‍ പിള്ള, റവ. ഫാ. മാത്യു തോമസ്, റവ. ഫാ. തോമസ് മാത്യു, റവ. ഫാ. ഷിനോജ് തോമസ്, റവ. ഫാ. ഡോ. രാജു വര്‍ഗീസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ നടത്തിയ ശേഷം, റവ. ഫാ. തോമസ് പോള്‍ (ജോണ്‍സണ്‍ അച്ചന്‍) വചനപ്രഭാഷണവും തുടര്‍ന്ന് ഭക്തിപുരസ്സരമായ റാസയും നടത്തി വിശ്വാസികള്‍ അനുഗ്രഹം പ്രാപിച്ചു.

16ന് ശനിയാഴ്ച രാവിലെ 8:45ന് പ്രഭാത നമസ്ക്കാരവും തുടര്‍ന്ന് റവ. ഫാ. തോമസ് പോള്‍, റവ. ഫാ. എന്‍.കെ. ഇട്ടന്‍ പിള്ള, റവ. ഫാ. ഡോ. രാജു വര്‍ഗീസ് എന്നിവരുടെ മഹനീയ സാന്നിധ്യത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാന ആഘോഷിച്ചു. സഫേണ്‍ ടൌണിലൂടെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടു കൂടി ആഘോഷപൂര്‍വ്വമായ റാസ നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു തന്ന സഫേണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ അങ്ങേയറ്റം മാനിക്കുന്നു.

റാസ കഴിഞ്ഞ് പള്ളിയില്‍ മടങ്ങിയെത്തിയ ഭക്തജനങ്ങളെ വൈദികര്‍ ശ്ളൈഹീഹ വാഴ്വു നല്‍കി അനുഗ്രഹിച്ചു. സമാപന ചടങ്ങില്‍ സെക്രട്ടറി ലിസി ഫിലിപ്പ്, ട്രസ്റി കുരിയാക്കോസ് റ്റി. ചാക്കോ, പെരുന്നാള്‍ കോഓര്‍ഡിനേറ്റര്‍മാരായ സജി കെ. പോത്തന്‍, ജോണ്‍ വര്‍ഗീസ് എന്നിവര്‍ പെരുന്നാളിനെക്കുറിച്ചും, ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസിന്റെ സ്തുത്യര്‍ഹമായ സേവനത്തെക്കുറിച്ചും നേതൃത്വപാടവത്തെക്കുറിച്ചും പ്രത്യേകം പ്രശംസിച്ചു. പെരുന്നാളിനു വന്നുചേര്‍ന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ഇടവക ഗ്രാജ്വേറ്റിനെ അനുമോദിച്ച് ഫലകം നല്‍കുകയും, കഴിഞ്ഞ വര്‍ഷത്തെ സെക്രട്ടറി ജോസഫ് തോമസിനേയും ട്രസ്റീ ലിജു പോളിനേയും അവരുടെ സ്തുത്യര്‍ഹമായ സേവനത്തെ മാനിച്ച് അനുമോദിക്കുകയും ഫലകം നല്‍കുകയും ചെയ്തു. ഇടവക വികാരി റവ. ഫാ. ഡോ. രാജു വര്‍ഗീസ് സമീപ ഇടവകകളില്‍ നിന്നും പെരുന്നാളിനു വന്നുചേര്‍ന്ന എല്ലാ വിശ്വാസികളേയും, പ്രത്യേകിച്ച് എല്ലാ വൈദികരേയും, സ്വാഗതം ചെയ്യുകയും അവരോടുള്ള നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു. സ്നേഹവിരുന്നിലും വാര്‍ഷിക ലേലത്തിലും എല്ലാ വിശ്വാസികളും പങ്കു ചേര്‍ന്നു. തുടര്‍ന്ന് പെരുന്നാള്‍ കൊടിയിറക്കത്തോടുകൂടി പെരുന്നാള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ