അയനം ഓപ്പണ്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍
Tuesday, August 19, 2014 4:45 AM IST
കുവൈറ്റ്: കുവൈറ്റിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ അയനം ഓപ്പണ്‍ ഫോറം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. നിലവിലുള്ള ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ കണ്‍വീനറായി മുഹമ്മദ് റിയാസിനേയും ജോയിന്റ് കണ്‍വീനറായി ഷാജി രഘുവരനേയും നിര്‍ദ്ദേശിച്ചു.

വ്യത്യസ്ത വീക്ഷണവും രാഷ്ട്രീയക്കാഴ്ച്ചപാടുകളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പരസ്പരം സംവദിക്കാനും യോജിച്ചു പ്രവര്‍ത്തിക്കാനും സാധിക്കുന്നുവെന്നത് ഫോറത്തിന്റെ പ്രസക്തി എക്കാലവും നിലനിര്‍ത്തുമെന്ന് സമിതി വിലയിരുത്തി. അബ്ദുള്‍ ഫത്താഹ് തൈയില്‍, അസീസ് തിക്കൊടി, സാബു പീറ്റര്‍, മുഹമ്മദ് റഫീഖ്, ഷെരീഫ് താമരശേരി, പി.പി. ജുനൂബ്, ഹബീബുള്ള മുറ്റിചൂര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചു.

ബര്‍ഗ്മാന്‍ തോമസ്, ബാബുജി ബത്തേരി, സുനില്‍ ചെറിയാന്‍, നൌഫല്‍ മൂടാടി, ആര്‍ട്ടിസ്റ് ഉത്തമന്‍, ബാലകൃഷ്ണന്‍ ഉദുമ, റെജി ഭാസ്ക്കര്‍ എന്നിവരാണ് മറ്റു സമിതി അംഗങ്ങള്‍. കേരള കോഓര്‍ഡിനേറ്ററായി ഷീജോ ഫിലിപ്പിനെയും സമിതി അംഗങ്ങളായി സലാം വളാഞ്ചേരി, എ.കെ.ഹാരിസ്, അബ്ദുള്‍ കലാം എന്നിവരെയും നിര്‍ദ്ദേശിച്ചു. നിലവിലെ ജോയിന്റ് കണ്‍വീനര്‍ ഇക്ബാല്‍ കുട്ടമംഗലം സ്വാഗതം പറഞ്ഞു. കൂടുതല്‍ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനായി സെപ്റ്റംബര്‍ ആദ്യവാരം വര്‍ക്ഷോപ്പ് സംഘടിപ്പിക്കുമെന്ന് പുതിയ സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍