ഖത്തര്‍ മിന മേഖലയിലെ മികച്ച തൊഴില്‍ മാര്‍ക്കറ്റ്
Tuesday, August 19, 2014 4:44 AM IST
ദോഹ: മിഡില്‍ ഈസ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ മികച്ച തൊഴില്‍മാര്‍ക്കറ്റായി ഖത്തര്‍ മാറിയതായി സര്‍വേ. ബൈത് ഡോട്ട് കോം, യു. ഗവ് എന്നിവര്‍ നടത്തിയ സര്‍വേകളാണ് ഈ വിവരം വെളിപ്പെടുത്തിയത്. മിഡില്‍ ഈസ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക തൊഴില്‍ സൂചികയില്‍ മികച്ച സ്ഥാനം നേടിയ ഖത്തര്‍ ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്.

സുസ്ഥിരമായ സാമ്പത്തിക വ്യവസ്ഥിതിയും സ്രോതസുകളും വിവേക പൂര്‍വമായ പദ്ധതികളുമാണ് ഖത്തറിനെ ഏറ്റവും മികച്ച തൊഴില്‍ മേഖലയുള്ള രാജ്യമാക്കുന്നത്. വികസന നയപരിപാടികളും കര്‍മ പദ്ധതിളും കൊണ്ട് ലോകാടിസ്ഥാനത്തില്‍ തന്നെ ശ്രദ്ധ നേടിയ ഖത്തര്‍ അതിന്റെ വികസന കുതിപ്പ് തുടരുകയാണ്. 2022 ലെ ലോക കപ്പ് വേദിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ ബഹുമുഖ വികസന നിര്‍മാണ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് എല്ലാ കോണുകളിലും നടക്കുന്നത്.

നിര്‍മാണ മേഖലയില്‍ വൈവിധ്യമായ പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍ ഖത്തറില്‍ സിവില്‍ എന്‍ജിനിയര്‍മാര്‍ക്കും ജൂണിയര്‍ എക്സിക്യൂട്ടീവുകള്‍ക്കും വലിയ ഡിമാന്റാണെന്നാണ് സര്‍വേ പറയുന്നത്. 62 ശതമാനം കമ്പനികളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പത്തു തൊഴിലാളികളെ വീതമെങ്കിലും പുതുതായി റിക്രൂട്ട് ചെയ്യും. മിക്ക സ്ഥാപനങ്ങളും പുതിയ ജീവനക്കാരെ നിശ്ചയിക്കുന്നതായി പരസ്യങ്ങള്‍ നല്‍കുകയും ഇന്റര്‍വ്യൂ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തുവരികയാണ്. വേനവലധി കഴിഞ്ഞ് സെപ്റ്റംബര്‍ ആദ്യത്തോടെ സ്ഥാപനങ്ങള്‍ സജീവമാകുമ്പോള്‍ കൂടുതല്‍ ജീവനക്കാരും വന്നുതുടങ്ങും.

ജീവിത ചെലവുകളും വിദ്യാഭ്യാസ സൌകര്യങ്ങളും ഖത്തറിലേക്ക് വരുന്നതില്‍ നിന്നും പ്രൊഫഷണലുകളെ നിരുല്‍സാഹപ്പെടുത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് പൂതിയ സര്‍വേ ഫലം പുറത്തു വന്നിരിക്കുന്നത്.

അടുത്ത എട്ടു വര്‍ഷത്തേക്കെങ്കിലും ഖത്തറിലെ വികസന പദ്ധതികള്‍ അവിരാമം തുടരുമെന്നതിനാല്‍ കൂടുതല്‍ കഴിയുള്ള ജീവനക്കാരെ രാജ്യത്തിന് ആവശ്യമുണ്ട്. സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട വന്‍കിട പദ്ധതികള്‍ പലതും ആരംഭിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികളെ ഖത്തറിന് ആവശ്യമുണ്ട്. ഏറ്റവും സമ്പന്ന രാജ്യമെന്നതിലുപരി ഏറ്റവും സമാധാന പരമായ തൊഴിലന്തരീക്ഷം നിലനില്‍ക്കുന്ന രാജ്യമെന്ന റിപ്പോര്‍ട്ടും ഖത്തറിനെ കൂടുതല്‍ ശ്രദ്ധ കേന്ദ്രമാക്കുന്നു.