പാര്‍ട്ടി നല്‍കിയ അംഗീകാരത്തില്‍ സംതൃപ്തനെന്നു യെദിയൂരപ്പ
Tuesday, August 19, 2014 3:50 AM IST
ബാംഗളൂര്‍: പാര്‍ട്ടി നല്‍കിയ അംഗീകാരത്തില്‍ താന്‍ സംതൃപ്തനാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിതനായ ബി.എസ്.യെദിയൂരപ്പ. കേന്ദ്രത്തില്‍ താനൊരു മന്ത്രിയായി കാണണമെന്നതായിരുന്നു ജനങ്ങളുടെ ആഗ്രഹമെങ്കിലും നരേന്ദ്രമോദിയും അമിത് ഷായും തനിക്ക് പാര്‍ട്ടിയുടെ ഉത്തരവാദിത്തം നല്‍കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും ബല്‍ഗാം ജില്ലയിലെ ചിക്കോഡിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ മുന്‍മുഖ്യമന്ത്രികൂടിയായ യെദിയൂരപ്പ വ്യക്തമാക്കി. അവര്‍ എന്നെ പാര്‍ട്ടിയുടെ ഉത്തരവാദിത്തം ഏല്പിച്ചിരിക്കുകയാണ്. ഞാനിതില്‍ സംതൃപ്തനാണ്. മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലയിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി താന്‍ മുന്നോട്ടുപോകും. തനിക്ക് സമുന്നത പദവി നല്‍കാനായി അനന്ത്കുമാറുള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. അവരുടെ പരിശ്രമം കാരണമാണ് തനിക്ക് ഈ പദവി ലഭിച്ചത്. അവരോടെല്ലാം തനിക്ക് അതിയായ നന്ദിയുണ്ട്.-യെദിയൂരപ്പ പറഞ്ഞു.

അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കുകയും ബിജെപി വിട്ട് കര്‍ണാടക ജനതാ പാര്‍ട്ടി എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത യെദിയൂരപ്പയ്ക്ക് 2013ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല. എങ്കിലും ബിജെപിക്കു ദയനീയ പരാജയം നല്‍കാനും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറാനും സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തിലെ ശക്തനായ യെദിയൂരപ്പയ്ക്കായി. പാര്‍ട്ടിക്കു വലിയ ഭാവിയില്ലെന്നു യെദിയൂരപ്പ തിരിച്ചറിയുകയും യെദിയൂരപ്പയില്ലാതെ സംസ്ഥാനത്ത് പാര്‍ട്ടിയില്ലെന്ന് ബിജെപി നേതൃത്വം തിരിച്ചറിയുകയും ചെയ്തതോടെ അദ്ദേഹം വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ബിജെപിയില്‍ തിരിച്ചെത്തിയ യെദിയൂരപ്പയുടെ സാന്നിധ്യം ലോക്സഭാതെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമാണ് സംസ്ഥാനത്ത് ബിജെപിക്ക് നേടിക്കൊടുത്തത്.

നിരവധി അഴിമതിയാരോപണങ്ങള്‍ നേരിടുകയും അഴിമതിയുടെ പേരില്‍ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പാര്‍ട്ടി പുറത്താക്കുകയും ചെയ്ത യെദിയൂരപ്പയെ പാര്‍ട്ടിയുടെ ഉപാധ്യക്ഷനായി നിയമിച്ചതിലെ ധാര്‍മികത രാഷ്ടീയ എതിരാളികള്‍ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കാം. ഇതിനു മറുപടി പറയാന്‍ നേതൃത്വം വിഷമിക്കുകയും ചെയ്യും.