നായര്‍ സംഗമം 2014 വന്‍ വിജയം; അടുത്ത സംഗമം 2016ല്‍ ഹൂസ്റണില്‍
Monday, August 18, 2014 8:18 AM IST
ന്യൂയോര്‍ക്ക്: ഓഗസ്റ് 8, 9, 10 തീയതികളില്‍ വാഷിംഗ്ടണ്‍ ഡി.സി.ക്കടുത്തുള്ള അലക്സാന്‍ഡ്രിയ ഹില്‍റ്റനില്‍ ഒരുക്കിയ 'മന്നം നഗറില്‍' എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നായര്‍ സംഗമം 2014 ആഘോഷപൂരിതമായി. താലപ്പൊലിയുടേയും ചെണ്ടമേളത്തിന്റേയും അകമ്പടിയോടെ എത്തിച്ചേര്‍ന്ന മുഖ്യാതിഥികളായ എത്തിച്ചേര്‍ന്ന സുപ്രസിദ്ധ സിനിമാ നടന്‍ സൂപ്പര്‍ സ്റാര്‍ ഭരത് സുരേഷ് ഗോപി, ചെങ്ങന്നൂര്‍ എംഎല്‍എ പി.സി. വിഷ്ണുനാഥ്, സുപ്രസിദ്ധ പിന്നണി ഗായകന്‍ ജി. വേണു ഗോപാല്‍, ഭാഗവതാചാര്യന്മാരായ സ്വാമി ഉദിത് ചൈതന്യജി, മണ്ണടി ഹരിജി, എന്നിവരെ വേദിയിലേക്ക് ആനയിച്ചു. മുഖ്യാതിഥികള്‍ ഭദ്രദീപം തെളിച്ച് സംഗമത്തിന് തുടക്കം കുറിച്ചു. ജി. വേണുഗോപാലിന്റെ പ്രാര്‍ഥനാഗാനാലാപനത്തിനു ശേഷം കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപി ഏവരേയും സംഗമത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. സെക്രട്ടറി സുധ കര്‍ത്തായുടെ ആമുഖ പ്രസംഗത്തിനുശേഷം പ്രസിഡന്റ് രമേശന്‍ പിള്ള ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും സംഗമത്തില്‍ നടക്കാന്‍ പോകുന്ന കാര്യപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. തുടര്‍ന്ന്ു സുരേഷ് ഗോപി, സ്വാമി ഉദിത് ചൈതന്യജി, ഗ്രാന്റ് പേട്രന്‍ മന്മഥന്‍ നായര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലുള്ള നായര്‍ സംഘടനകളില്‍ നിന്നെത്തിയ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ രാത്രി ഒന്നുവരെ നടന്നു. ന്യൂ യോര്‍ക്കില്‍ നിന്നുള്ള ഡോ. നിഷാ പിള്ളയും വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള പ്രേം നായരും എംസിമാരായി പ്രവര്‍ത്തിച്ചു.

രണ്ടാം ദിവസം രാവിലെ ആറു മുതല്‍ സ്വാമി ഉദിത് ചൈതന്യജിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും യോഗയും പ്രഭാഷണവും നടന്നു. രാവിലെ ഒമ്പതു മുതല്‍ മുഖ്യാതിഥികള്‍ നേതൃത്വം കൊടുത്ത വിവിധ സെമിനാറുകള്‍ ബഹുജന പങ്കാളിത്തം കൊണ്ട് അത്യധികം വിജയമായി. മണ്ണടി ഹരിയുടെ പ്രഭാഷണത്തില്‍ ഹൈന്ദവ സംഘടനകള്‍ എവിടെയൊക്കെ പ്രവര്‍ത്തിച്ചാലും അവിടൊക്കെ തന്റെ പൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് പറഞ്ഞു. നായര്‍ സമുദായത്തിന്റെ ആചാര്യന്‍ മന്നത്ത് പദ്മനാഭന്‍ ആണെങ്കില്‍ ചട്ടമ്പി സ്വാമികള്‍ തന്നെയാണ് കുലദൈവം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചട്ടമ്പി സ്വാമികളുടെ അപദാനങ്ങള്‍ യുവതലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട് എന്ന് പറഞ്ഞു. വൈസ് പ്രസിഡന്റ് ജയപ്രകാശ് നായര്‍ എല്ലാവര്‍ക്കും നന്ദിപറഞ്ഞു.

ഒന്നു മുതല്‍ പൊതുയോഗവും ഭാരവാഹികളെ തെരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തില്‍ പ്രസിഡന്റ് രമേശന്‍ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധ കര്‍ത്താ, വൈസ് പ്രസിഡന്റ് ജയപ്രകാശ് നായര്‍, ട്രഷറര്‍ സജി നായര്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. അടുത്ത സംഗമം ഹൂസ്റണില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി ഹൂസ്റണില്‍ നിന്നുള്ള ജി. കെ. പിള്ളയെ പ്രസിഡന്റായും, സെക്രട്ടറിയായി ന്യൂയോര്‍ക്കില്‍ നിന്നുള്ള സുനില്‍ നായരെയും ട്രഷററായി ഹൂസ്റണില്‍ നിന്നുള്ള പൊന്നു പിള്ളയെയും വൈസ് പ്രസിഡന്റായി ന്യൂജേഴ്സിയില്‍ നിന്നുള്ള മാധവന്‍ നായരെയും ജോയിന്റ് സെക്രട്ടറിയായി ഡാളസില്‍ നിന്നുള്ള മല്ലികാ രാധാകൃഷ്ണനെയും ജോയിന്റ് ട്രഷററായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ബാലു മേനോനെയും തെരഞ്ഞെടുത്തു.

ഷിക്കാഗോയില്‍ നിന്നുള്ള വാസുദേവന്‍ പിള്ള, എം.എന്‍.സി. നായര്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള അപ്പുക്കുട്ടന്‍ നായര്‍, കുന്നപ്പള്ളില്‍ രാജഗോപാന്‍, പെന്‍സില്‍വാനിയയില്‍ നിന്നും ശിവന്‍ പിള്ള, രാമചന്ദ്രന്‍ നായര്‍, വാഷിംഗ്ടണില്‍ നിന്നും സനില്‍ ഗോപി, ഗാര്‍ലാന്റില്‍ നിന്നുമുള്ള പ്രമോദ് നായര്‍, ഡാളസില്‍ നിന്നും രാധാ നായര്‍, ഹൂസ്റണില്‍ നിന്നുള്ള മനോജ് നായര്‍ എന്നിവരെ നാഷണല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. അഡ്വൈസറി ബോര്‍ഡിലേക്ക് മന്മഥന്‍ നായര്‍, ജി.കെ.നായര്‍, സുധ കര്‍ത്താ, സത്യാ മേനോന്‍, സത്യജിത് നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

നായര്‍ സംഘടനകള്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംഘടനകള്‍ രൂപീകരിക്കുന്നതിനും ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജയപ്രകാശ് നായര്‍ പുതിയ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജി.കെ.പിള്ള ഏവര്‍ക്കും നന്ദി അറിയിക്കുകയും തന്റെ പരിചയസമ്പത്ത് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ വളര്‍ച്ചക്കുവേണ്ടി വിനിയോഗിക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്നുമുള്ള മിസ് രേവതി നായര്‍ അവതരിപ്പിച്ച പ്രൊഫൈല്‍ ഷോ യുവജനങ്ങള്‍ക്ക് ഏറെ ഉത്സാഹം പകര്‍ന്നു.

ശനി വൈകിട്ട് നടന്ന ബാങ്ക്വറ്റ് വിഭവസമൃദ്ധമായിരുന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപി, പ്രസിഡന്റ് രമേശന്‍ പിള്ള, സെക്രട്ടറി സുധ കര്‍ത്താ, ട്രഷറര്‍ സജി നായര്‍, മുഖ്യാതിഥികളായ സുരേഷ് ഗോപി, പി.സി.വിഷ്ണുനാഥ് എംഎല്‍എ, സ്വാമി ഉദിത് ചൈതന്യ എന്നിവര്‍ പ്രസംഗിച്ചു. എം.ജി. മേനോന്‍, ഡോ. പാര്‍ത്ഥസാരഥി പിള്ള, കെ.ജി. മന്മഥന്‍ നായര്‍ എന്നിവര്‍ക്ക് അവരുടെ സമുദായ സേവനങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ട് പൊന്നാട അണിയിക്കുകയും പ്രശംസാ ഫലകം നല്‍കുകയുമുണ്ടായി. ബാങ്ക്വറ്റിനു ശേഷം ജി.വേണുഗോപാല്‍ നയിച്ച ഗാനമേളയില്‍ അമേരിക്കയിലുള്ള ചില ഗായകരും പങ്കെടുത്തു. ശബരിനാഥ് നായര്‍, ശാലിനി മധു, സുമ നായര്‍, കാര്‍ത്തിക ഹരിദാസ്, സുഷമ എന്നീ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഞായര്‍ രാവിലെ ആറു മുതല്‍ മണ്ണടി ഹരിയുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയും തുടര്‍ന്ന് രാമായണ പാരായണവും നടന്നു. തുടര്‍ന്ന് മനോജ് കൈപ്പള്ളിയുടെ ഭക്തിഗാനമേളയും നടന്നു.

കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സനില്‍ ഗോപി നന്ദി പ്രകാശിപ്പിച്ചു. സെക്രട്ടറി സുധ കര്‍ത്താ ഏവര്‍ക്കും നന്ദി പറഞ്ഞു. 2016ല്‍ ഹൂസ്റനില്‍ നടക്കുന്ന സംഗമത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കി. ഉച്ചഭക്ഷണത്തിന് ശേഷം സംഗമത്തിന് തിരശീല വീണു.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ