സന്ദര്‍ലാന്‍ഡില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 13ന്
Monday, August 18, 2014 6:36 AM IST
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ തിരുനാള്‍ പൂര്‍വാധികം ഭംഗിയോടെ ഭക്ത്യാദരപൂര്‍വം സെപ്റ്റംബര്‍ 13ന് (ശനി) സന്ദര്‍ലാന്‍ഡ് സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ആഘോഷിക്കുന്നു.

കേരള ക്രൈസ്തവരുടെ പാരമ്പര്യത്തിന് ഉതകുന്ന വിതത്തില്‍ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ച് വിശുദ്ധയുടെ അനുഗ്രഹം നേടാന്‍ എല്ലാ വിശ്വാസികളെയും സ്നേഹപൂര്‍വം ക്ഷണിച്ചു.

അന്നേ ദിവസം സെന്റ് ഐദന്‍സ് സ്കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്കാരിക സംഗമത്തില്‍ ബിഷപ് സീമസ് കണ്ണിംഗ്ഹാം (ന്യൂ കാസില്‍ ആന്‍ഡ് ഹെക്സം രൂപത) മുഖ്യാധിഥിയും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുക്കും. വിവിധ കലാപരിപാടികളാല്‍ സമ്പന്നമാകുന്ന ഒരു സായാഹ്നം നോര്‍ത്ത് ഈസ്റ് മലയാളികളുടെ സാംസ്കാരിക സംഗമമായിരിക്കും.

സെപ്റ്റംബര്‍ നാലിന് (വ്യാഴം) വൈകുന്നേരം ഏഴു മുതല്‍ ഒമ്പതു ദിവസം നീണ്ടു നില്‍ക്കുന്ന നൊവേനയില്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും ജപമാലയും ഉണ്ടായിരിക്കും.

ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റിയും പ്രസുദേന്തിമാരും ഇടവകജനങ്ങളും തിരുനാള്‍ ചരിത്രസംഭവമാക്കാനുള്ള ഒരുക്കത്തിലാണ്.

പെരുനാള്‍ വേദി: സെന്റ് ജോസഫ്സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ് .ടഞ4

റിപ്പോര്‍ട്ട്: മാത്യു ജോസഫ്