പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനം: മുഖ്യമന്ത്രി
Monday, August 18, 2014 6:32 AM IST
കോട്ടയം: പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനമാണെന്നും പ്രവാസികളുടെ പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ട് ഒരു സര്‍ക്കാരിനും മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസി മലയാളി ഫെഡറേഷന്റെ ഉദ്ഘാടനം ഓഗസ്റ് 17ന് (ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഒരിക്കലും ഔധാര്യമല്ല, മറിച്ച് അര്‍ഹതയാണ്. ഇന്ത്യയുടെ സാമൂഹിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ വികസനത്തില്‍ പ്രവാസികളുടെ നേരിട്ടുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോഴത്തെ പ്രത്യേകമായ സാഹചര്യത്തില്‍ തിരികെ എത്തേണ്ടിവന്ന പ്രവാസി നഴ്സുമാര്‍ക്ക് അവരുടെ കിട്ടുവാനുള്ള വേതനം അതാതു രാജ്യങ്ങളിലെ എംബസി മുഖാന്തരം എല്ലാവര്‍ക്കും എത്രയും വേഗം നല്‍കുമെന്ന് ചടങ്ങില്‍ അദ്ദേഹം ഉറപ്പുനല്‍കി.

സാംസ്കാരിക-പ്രവാസികാര്യമന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ധനകാര്യമന്ത്രി കെ.എം.മാണിക്ക് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പ്രവാസി മലയാളി ഫെഡറേഷന്‍ മുഖ്യരക്ഷാധികാരിയുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പുരസ്കാരം സമ്മാനിച്ചു. പ്രവാസി സമ്മേളനത്തിന്റെ ഭാഗമായി ഭവനരഹിതരായ 10 നിര്‍ധനര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം സെപ്റ്റംബര്‍ രണ്ടാംവാരം തിരുവനന്തപുരത്ത് വിതരണം ചെയ്യുമെന്ന് ഫെഡറേഷന്റെ മുഖ്യരക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു.

ചടങ്ങില്‍ മന്ത്രി അനൂപ് ജേക്കബ്, ജോസ് കെ.മാണി എംപി, ഉഴവൂര്‍ വിജയന്‍, ടോമി കല്ലാനി, ടി.പി. ശ്രീനിവാസന്‍, റവ. ഫാ. തോമസ് മാറയ്ക്കല്‍, ഡോ. ജോസ് കാനാട്ട്, സോമന്‍ബേബി, സാബുചെറിയാന്‍, ഡോ. ജോര്‍ജ് മാത്യു, ജോസ് പനച്ചിക്കല്‍, സരോജാ വര്‍ഗീസ്, ഡയസ് ഇടിക്കുള, സുധീഷ് ഗുരുവായൂര്‍, പട്ടണം റഷീദ്, പ്രേംകുമാര്‍, വാസുദേവന്‍ സനല്‍, രാജീവ് ആലുങ്കല്‍ എന്നിവര്‍ സംബന്ധിച്ചു. വിവിധ മേഘലകളിലെ സ്തുത്യര്‍ഹസേവനം നല്‍കിയവര്‍ക്ക് പ്രവാസി മലയാളി ഫെഡറേഷന്റെ അവാര്‍ഡുകള്‍ ചടങ്ങില്‍ സമ്മാനിച്ചു. ജോര്‍ജ് മാത്യു സ്വാഗതവും ഷിബി നാരമംഗലത്ത് കൃതജ്ഞതയും അര്‍പ്പിച്ചു. വൈകുന്നേരം ആറിന് ഡോ. താരാകല്യാണിന്റെ നൃത്താവിഷ്ക്കാരവും നടന്നു.