സ്വാതന്ത്യ്രദിനം ആഘോഷിച്ച് ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍; വിവിധ ഭാഗങ്ങളില്‍നിന്ന് മലയാളികള്‍ പങ്കെടുത്തു
Monday, August 18, 2014 6:30 AM IST
മാഞ്ചസ്റര്‍: ജന്മനാടിന്റെ 68-ാമത് സ്വാതന്ത്യ്ര ദിനാഘോഷത്തിന് യുകെയിലെ മലയാളി സമൂഹം മാഞ്ചസ്ററില്‍ ഒത്തുകൂടി. ലണ്ടണ്‍, ബോണ്‍മൌത്ത്, ഗ്ളാസ്ഗോ, ന്യൂകാസില്‍, ബര്‍മിംഗ്ഹാം, ലിവര്‍പൂള്‍, തുടങ്ങി യുകെയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ഒരുക്കിയ കൂട്ടായ്മയില്‍ പങ്കെടുത്തു സ്വാതന്ത്യ്ര ദിനത്തിന്റെ ഓര്‍മ പുതുക്കി.

ബ്രിട്ടന്റെ അടിമത്വത്തില്‍നിന്ന് ഭാരതാംബയെ സ്വതന്ത്രയാക്കാന്‍ ജീവന്‍ ത്യജിച്ച മഹാത്മാക്കള്‍ക്ക് ബ്രിട്ടന്റെ മണ്ണില്‍ ഒരുപിടി മലയാളികള്‍ ആദരം അര്‍പ്പിച്ചപ്പോള്‍ അത് കുടിയേറ്റ ചരിത്രത്തിലെ പുതിയ കാഴ്ചയായി. അതോടൊപ്പം നാടിനെ മറന്ന മറ്റു പ്രമുഖ അസോസിയേഷനുകള്‍ ഒരു പതാക ഉയര്‍ത്താന്‍ പോലും സമയം കണ്െടത്താതെ തനി ബ്രിട്ടീഷുകാരായി മാറിയതും വേദനിപ്പിക്കുന്ന കാഴ്ചയായി.

ബ്രിട്ടണിലെ മലയാളി സമൂഹത്തിനിടയില്‍ മഹാത്മാ ഗാന്ധിയുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധേയനായി മാറിയ ചാക്കോ ലൂക്ക് തന്നെയാണ് ഇക്കുറിയും ഗാന്ധിയായി വേഷമണിഞ്ഞത്. ഗാന്ധിജിയുടെ വചനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാണ് ഇക്കുറി ചാക്കോ ലൂക്ക് വ്യത്യസ്തനായി മാറിയത്.

ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ചെയര്‍മാന്‍ സാബു കുര്യനും ചാക്കോ ലൂക്കും ചേര്‍ന്നാണ് ദേശീയ പതാക ഉയര്‍ത്തിയത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സമുദായ സാംസ്കാരിക സംഘടനകളുടെ നേതാക്കന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാത്മാ ഗാന്ധി അടക്കമുള്ള മഹാന്മാരുടെ ത്യാഗോജ്വലമായ പോരാട്ടമാണ് സ്വാതന്ത്യ്രത്തിലേക്ക് നയിച്ചതെന്ന് ആമുഖ പ്രസംഗം നടത്തിയ സാബു കുര്യന്‍ ഓര്‍മിപ്പിച്ചു.

ഒപ്പം ഇന്ത്യയുടെ പോരാട്ടങ്ങള്‍ അംഗീകരിച്ച് ഇന്ത്യയെ സ്വതന്ത്രയാക്കാനുള്ള ബ്രിട്ടന്റെ സന്മനസും അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പരമാധികാരം അംഗീകരിക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ ഒട്ടും വില കുറച്ചു കാണേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ത്യക്കൊപ്പം തന്നെ സ്വാതന്ത്യ്ര പോരാട്ടങ്ങള്‍ നടത്തിയിട്ടും ദക്ഷിണാഫ്രിക്കപോലുള്ള രാജ്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രം കിട്ടാന്‍ പിന്നെയും വൈകി. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കിട്ടിയ സ്വാതന്ത്യ്രം ബ്രിട്ടന്റെ കൂടി താത്പര്യപ്രകാരമാണെന്നും ഇതു ചരിത്രം മറച്ചു വയ്ക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയുടെ വികസനത്തിന് വഴികാട്ടിയാകാന്‍ ബ്രിട്ടന് കഴിഞ്ഞു. റെയില്‍വേ അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ നിര്‍മിച്ചു. വിഘടിച്ചു നിന്നിരുന്ന നാട്ടു രാജ്യങ്ങള്‍ ഒന്നിക്കാനും ഒരൊറ്റ ഇന്ത്യയാക്കാനും ബ്രിട്ടീഷ് അധിനിവേശം കാരണമായെന്നും ട്രാഫോര്‍ഡ് സെന്റ് ജോണ്‍സ് ഫ്രിസ്റല്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സാബു കുര്യന്‍ ചൂണ്ടിക്കാട്ടി. നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങിന് ദേശഭക്തി ഗാനം കൊഴുപ്പേകി. കുട്ടികളും മുതിര്‍ന്നവരും ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു.

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷൈജു ചാക്കോ, യുകെകെസിഎ മുന്‍ ഭാരവാഹി ഷാജി വരാക്കുടി, സാംസ്കാരിക പ്രവര്‍ത്തകന്‍ കെ.ഡി. ഷാജിമോന്‍, ന്യൂകാസില്‍ മലയാളികളെ പ്രതിനിധീകരിച്ച് ഷിബു എട്ടുകാട്ടില്‍, ഷൈമോന്‍ തോട്ടുങ്കല്‍, ഷോയി ചെറിയാന്‍, ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ഭാരവാഹികളായ സ്റാനി ഇമ്മാനുവല്‍, മാര്‍ട്ടിന്‍ ഉണ്ണി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു.

യുകെയിലെ മറ്റു മലയാളി അസോസിയേഷനുകള്‍ നാടിനെ മറന്നപ്പോഴാണ് ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ രാഷ്ടട്രത്തിന്റെ സ്വാതന്ത്യ്രം ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങിയതെന്നത് ശ്രദ്ധേയമാണ്. നാലു പേര്‍ കൂടുന്നിടത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന മലയാളികള്‍ പിറന്ന നാടിനെ മറന്നത് കുറച്ചു പേരെയെങ്കിലും വേദനിപ്പിച്ചിരിക്കും. വരും വര്‍ഷങ്ങളിലെങ്കിലും നാടിനെ ഓര്‍മിക്കാന്‍ ഒരു മണിക്കൂറെങ്കിലും അസോസിയേഷനുകള്‍ മാറ്റിവയ്ക്കുന്നത് നാടിനോടുള്ള ആദരമാകും. അതിന് ഗ്ളോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ ഒരു മാതൃകയാകട്ടെയെന്ന് ആശംസിക്കാം.