സന്ദര്‍ലാന്‍ഡ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ കായികദിനം ആവേശഭരിതമായി
Monday, August 18, 2014 6:25 AM IST
സന്ദര്‍ലാന്‍ഡ്: സന്ദര്‍ലാന്‍ഡിലെ ആദ്യ ഇന്ത്യന്‍ കൂട്ടായ്മയായ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ കായികദിനം ഓഗസ്റ് 16 ന് (ശനി) സില്‍ക്ക് വെര്‍ത്ത് സ്പോര്‍ട്സ് സ്റേഡിയത്തില്‍ ആവേശഭരിതമായി സമാപിച്ചു.

മഴ മാറി നിന്ന ദിവസത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് നടന്ന വാശിയേറിയ കയികോല്‍സവം അംഗങ്ങളുടെ പങ്കാളിത്തത്താല്‍ സമ്പന്നമായിരുന്നു. ഉച്ചക്ക് ഒന്നിന് തുടങ്ങിയ കായിക മാമാങ്കത്തിന് പ്രസിഡന്റ് സോയ് ജോസഫ് നേതൃത്വം നല്‍കി. സന്ദര്‍ലാന്‍ഡിന്റെ മലയാള യുവത്വം തങ്ങളുടെ കായിക ശക്തി വിളിച്ചറിയിച്ച കായികോത്സവത്തില്‍ പങ്കെടുത്ത ഏവര്‍ക്കും എക്ക്സിക്യുട്ടിവ് അംഗങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ ഭക്ഷണത്തോടെ കായികദിനം സമാപിച്ചു.

ഇനി ഓണത്തിന്റെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കായി സെപ്റ്റംബര്‍ 21 ന് (ഞായര്‍) കാണാമെന്ന പ്രതീക്ഷയോടെ ഏവരും പിരിഞ്ഞു.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്