ഫിലാഡല്‍ഫിയ അതിരൂപതയുടെ മള്‍ട്ടികള്‍ചറല്‍ പിക്നിക് വര്‍ണാഭമായി
Monday, August 18, 2014 6:24 AM IST
ഫിലാഡല്‍ഫിയ: പ്രവാസി കത്തോലിക്കര്‍ക്കായി ഫിലഡല്‍ഫിയ അതിരൂപത സംഘടിപ്പിച്ച രണ്ടാമത്തെ ഫാമിലി ഫണ്‍ പിക്നിക് ഓഗസ്റ് 16 ന് (ശനി) 11 മുതല്‍ അഞ്ചു വരെ ഫിലാഡല്‍ഫിയ അതിരൂപതയുടെ വൈദിക പഠന കേന്ദ്രമായ സെന്റ് ചാള്‍സ് ബൊറോമിയോ സെമിനാരിയോടനുബന്ധിച്ചുളള പാര്‍ക്കില്‍ നടത്തി.

അതിരൂപതയുടെ അജപാലന പരിധിയില്‍ വരുന്ന മൈഗ്രന്റ് കാത്തലിക് കമ്യുണിറ്റികളെയെല്ലാം ഒന്നിപ്പിച്ച് നടത്തിയ പിക്നിക് അതിരൂപതയുടെ ഓഫീസ് ഫോര്‍ പാസ്ററല്‍ കെയര്‍ ഫോര്‍ മൈഗ്രന്റ്സ് ആന്‍ഡ് റഫ്യൂജീസ് ഡിപ്പാര്‍ട്ട്മെന്റ് ആണ് സ്പോണ്‍സര്‍ ചെയ്തത്.

എല്ലാ എത്നിക്ക് സമൂഹങ്ങളും പങ്കെടുത്ത് തങ്ങളുടെ സംസ്കാരവും പൈതൃകവും മറ്റു സമൂഹങ്ങള്‍ക്കുകൂടി മനസിലാക്കി കൊടുക്കുക എന്നതായിരുന്നു പിക്നിക്കിന്റെ ലക്ഷ്യം. മൈഗ്രന്റ് സമൂഹങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നതിനും പരസ്പര സ്നേഹത്തിലും സഹകരണത്തിലും വസിക്കുന്നതിനും ക്രൈസ്തവ വിശ്വാസത്തില്‍ ആഴപ്പെടുന്നതിനും ഓരോ കുടിയേറ്റ സമൂഹത്തിന്റെയും മഹത്തായ പൈതൃകം മറ്റുളളവര്‍ക്കു കൂടി അനുഭവ വേദ്യമാക്കുന്നതിനും ഉദ്ദേശിച്ചുളള പിക്നിക്കില്‍ പ്രായഭേദമെന്യേ അഞ്ഞൂറില്‍ പരം പേര്‍ പങ്കെടുത്തു.

ഇന്ത്യന്‍ കത്തോലിക്കരെ കൂടാതെ ബ്രസീല്‍, ഇന്തോനേഷ്യ, ഹെയ്ത്തി, നൈജീരിയ, ലൈബീരിയ, കൊറിയ, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, ചൈന, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളള മൈഗ്രന്റ് കത്തോലിക്കരെ കൂടാതെ നേറ്റീവ് അമേരിക്കന്‍ ഇന്ത്യന്‍ കത്തോലിക്കരും ക്നാനായ, സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ എന്നീ ഭാരതീയ കത്തോലിക്കരും പിക്നിക്കില്‍ പങ്കെടുത്ത് തങ്ങളുടെ സംസ്കാരവും പൈതൃകവും വൈവിധ്യമാര്‍ന്ന ഭക്ഷണ വിഭവങ്ങളിലൂടെയും തനതു കലാരൂപങ്ങളിലൂടെയും മറ്റു സമൂഹങ്ങള്‍ക്കു അനുഭവ വേദ്യമാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധതരത്തിലുള്ള കായിക മത്സരങ്ങളും നടന്നു.

രാവിലെ 11ന് ആരംഭിച്ച പിക്നിക് അതിരൂപതയുടെ സഹായ മെത്രാന്‍ ജോണ്‍ മാക്കിന്റയര്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതയുടെ മൈഗ്രന്റ് ഡയറക്ടര്‍ മാറ്റ് ഡേവീസും ഫാ. ബ്രൂസും ഇന്ത്യന്‍ കത്തോലിക്കരെ പ്രതിനിധീകരിച്ച് സെന്റ് തോമസ് സീറോ മലബാര്‍ പളളി വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരിയും അതിഥികളെ സ്വാഗതം ചെയ്തു. ഭക്ഷണത്തിനുശേഷം നടന്ന കലാപരിപാടികള്‍ ജോസ് പാലത്തിങ്കല്‍, സിസ്റര്‍ ഫ്ളോറന്‍സ്, ഇമ്മാനുവല്‍ എന്നിവര്‍ കോഓര്‍ഡിനേറ്റു ചെയ്തു. സീറോ മലബാര്‍ പളളിയിലെ അഞ്ചാം ക്ളാസ് വിദ്യാര്‍ഥി എമിലിന്‍ റോസ് തോമസ് നൃത്തം അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍