ഇന്ത്യന്‍ മീഡിയാ ഫോറം ജലയാത്ര അവിസ്മരണീയമായി
Monday, August 18, 2014 3:49 AM IST
ദോഹ: ഇന്ത്യയുടെ അരുപത്തിയെട്ടാമത് സ്വാതന്ത്യ്ര ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ മീഡിയാ ഫോറം അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സഹൃദയര്‍ക്കുമായി സംഘടിപ്പിച്ച സഫലിയ ദ്വീപിലേക്കുള്ള ജലയാത്ര അവിസ്മരണീയമായി.

വെള്ളിയാഴ്ച വൈകുന്നേരം മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്സ് പരിസരത്തുനിന്നും യാത്രതിരിച്ച ബോട്ട് ഓളപ്പരപ്പിലൂടെ തെന്നിനീങ്ങിയപ്പോള്‍ കളിതമാശകളും വിനോദ പരിപാടികളുമായി ഓരോരുത്തരും യാത്രയെ അന്വര്‍ഥമാക്കി. അംഗങ്ങളും കുടുംബങ്ങളും പരസ്പരം അടുത്തിടപഴകാനും സൌഹൃദം സുദൃഡമാക്കാനും ഉതകുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് ഐ. എം. ഫ്െ. ഭാരവാഹികള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഹൃദ്യമായ അനുഭവമാണ് സമ്മാനിച്ചത്. ഉരുവില്‍ ആട്ടവും പാട്ടുമായി അഞ്ചുമണിക്കൂറോളം ആസ്വാദ്യകരമായിരുന്നു. കുട്ടികള്‍ക്കായുള്ള പ്രത്യേക മല്‍സര പരിപാടികളും സമ്മാനങ്ങളും ഏറെ ആകര്‍ഷകമായി. മുതിര്‍ന്നവര്‍ സംഘം തിരിഞ്ഞ് നടത്തിയ അന്താക്ഷരിയും സംഗീത വിരുന്നും യാത്രക്ക് ചാരുത പകര്‍ന്നു.

ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പ്രദീപ് മേനോന്‍, ജനറല്‍ സെക്രട്ടറി അഷ്റഫ് തൂണേരി, ട്രഷറര്‍ ഐ എം എ റഫീഖ്, ഭാരവാഹികളായ സാദിഖ് ചെന്നാടന്‍, ഇ.പി. ബിജോയ് കുമാര്‍, മുജീബ് റഹ്മാന്‍ കരിയാടന്‍ എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്കി. കോയ കൊണ്േടാട്ടിയുടെ സാന്നിധ്യവും അനുഭവ സമ്പത്തും യാത്ര ഏറെ അനായാസകരമാക്കി.

കോര്‍ണിഷിലെ ബോട്ട് ജെട്ടിയില്‍ നിന്നും ആരംഭിച്ച യാത്ര സഫലിയ ദ്വീപിന് സമീപമാണ് നങ്കൂരമിട്ടത്. ചെറിയ സ്പീഡ് ബോട്ടുകളിലായി സഫലിയ ദ്വീപിലേക്ക് നീങ്ങിയ സംഘം ഖത്തറിന്റെ ഏറെ വശ്യമായ കടല്‍ മനോഹാരിതയിലും ദ്വീപിന്റെ സൌന്ദര്യത്തിലും മുങ്ങിനിവര്‍ന്നു. മരുഭൂമിയുടെ വിസ്മയ ലോകവും കടലിന്റെ അനന്തമായ ചാരുതയുമൊക്കെ അയവിറക്കി ദ്വീപിലൂടെ നടക്കുമ്പോള്‍ മുസഫര്‍ അഹമദിന്റെ രചനകളും ചിന്തകളുമാണ് പലരും അയവിറക്കിയത്. എത്ര എഴുതിയാലും തീരാത്ത അതി സങ്കീര്‍മായ മാസ്മരിക പ്രപഞ്ചമാണ് കടലിനും മരുഭൂമിക്കും അനാവരണം ചെയ്യാനുള്ളത്. അനേകായിരം ജന്തുജാലങ്ങളും സംവിധാനങ്ങളുമുള്ള കടലിലും ദ്വീപിലുമൊക്കെ കറങ്ങുമ്പോള്‍ ഓരോ മനുഷ്യനും ചിന്തയുടെ അതിരുകളില്ലാത്ത ലോകത്തെത്തുമെന്നത് ബോധ്യപ്പെടുത്തിയ ജലയാത്ര എന്നും തങ്ങി നില്‍ക്കുന്ന ടില ഓര്‍മകളുടെ ഓളങ്ങളാണ് പലര്‍ക്കും സമ്മാനിച്ചത്.

ബോട്ടില്‍ നിന്നും കടലിലേക്ക് ചാടി തങ്ങളുടെ നീന്തല്‍ വൈദഗ്ധ്യം തെളിയിക്കാന്‍ പല അംഗങ്ങളും ശ്രമിച്ചപ്പോള്‍ ദ്വീപിന് സമീപമുള്ള ശാന്തമായ തീരത്ത് നീന്തിക്കുളിച്ചാണ് കുട്ടികള്‍ യാത്രയെ സവിശേഷമാക്കിയത്. ബോട്ടിന് മുകളില്‍ പ്രത്യേകം തയ്യാറാക്കിയ ബാര്‍ബിക്യൂ രസമുകുളങ്ങളെ ഉണര്‍ത്തിയപ്പോള്‍ കൂട്ടാമയുടേയും സൌഹൃദത്തിന്റേയും സവിശേഷമായ അന്തരീക്ഷം ഏവരുടേയും മനസില്‍ അവിസ്മരണീയമായി. കുട്ടികളും കുടുംബങ്ങളും ഉള്‍പ്പെടെ എഴുപതോളം പേര്‍ യാത്രയില്‍ പങ്കെടുത്തു. രാത്രി പത്തു മണിയോടെ ഓരോരുത്തരും തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങിയത് ധന്യമായ യാത്രയുടെ സായൂജ്യവുമായാണ്.

റിപ്പോര്‍ട്ട്: അമാനുല്ല വടക്കാങ്ങര