ഫ്രാങ്ക്ഫര്‍ട്ടില്‍ ഇന്ത്യയുടെ 68-ാം സ്വാതന്ത്യ്ര ദിനം ആഘോഷിച്ചു
Saturday, August 16, 2014 9:43 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഭാരതത്തിന്റെ അറുപത്തി എട്ടാമത് സ്വാതന്ത്യ്ര ദിനം ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ആഘോഷിച്ചു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ദേശീയ പതാക ഉയര്‍ത്തി പ്രസിഡന്റിന്റെ സ്വാതന്ത്യ്ര ദിന സന്ദേശം വായിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകള്‍, എയര്‍ ഇന്ത്യ, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ടൂറിസ്റ് ഓഫീസ് എന്നിവയിലെ സ്റാഫ് അംഗങ്ങള്‍, പ്രമുഖ വ്യവസായികള്‍, പത്ര പ്രവര്‍ത്തകര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട ധാരാളം പേര്‍ ഈ സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ പങ്കെടുത്തു.

ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ മ്യൂസിക് അക്കാഡമി അധ്യാപിക സുധാ ഗിരിയുടെ ശിക്ഷണത്തില്‍ കുട്ടികള്‍ ദേശീയഗാനവും വന്ദേമാതരവും ആലപിച്ചു.

തുടര്‍ന്ന് മധുരപലഹാരങ്ങള്‍, ലഘു ഭക്ഷണം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്തു. കോണ്‍സുല്‍ ജനറലും ഭാര്യയും മറ്റ് കോണ്‍സുല്‍മാരും സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ പങ്കെടുത്തവരെ പ്രത്യേകമായി സ്വാഗതം ചെയ്തു. കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ ചാര്‍ജ് എടുത്തതിനുശേഷം ആദ്യത്തെ സ്വാതന്ത്യ്ര ദിനാഘോഷം ആയിരുന്നതുകൊണ്ട് ഇതില്‍ പങ്കെടുത്തവരെ അദ്ദേഹം പ്രത്യേകം പരിചയപ്പെട്ടു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍