റിയാദില്‍ വാഹനാപകടത്തില്‍ മലയാളി വീട്ടമ്മയും പേരക്കുട്ടിയും മരിച്ചു
Saturday, August 16, 2014 9:42 AM IST
റിയാദ്: റിയാദില്‍ നിന്നും 430 കിലോമീറ്റര്‍ അകലെ റിയാദ് - മക്ക ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് വീട്ടമ്മയും പേരക്കുട്ടിയും മരിച്ചു. കാറില്‍ ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന നാല് പേരെ പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശി കൊണ്ടാണത്ത് ബീരാന്‍ ഹാജിയുടെ മകന്‍ ഷറഫുദ്ദീ(ബാവാ)ന്റെ ഭാര്യ ആബിദ (42), മകള്‍ സഹീദയുടെ ഒന്നര വയസുള്ള മകന്‍ അബ്ദുള്ള നൌഫല്‍ എന്നിവരാണ് മരിച്ചത്.

ഖത്തറില്‍ നിന്നും ജിദ്ദയിലേക്ക് ലാന്റ് ക്രൂയസര്‍ കാറില്‍ റിയാദ് വഴി പോവുകയായിരുന്ന ബാവയും കുടുംബവുമാണ് വെള്ളിയാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്. ബാവയുടെ മകളും ഭര്‍ത്താവ് നൌഫലും മക്കളും റിയാദില്‍ നിന്നും ബാവയോടൊപ്പം ചേരുകയായിരുന്നു. ബാവയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. കാറിന്റെ പിന്‍വശത്തെ ടയര്‍ പൊട്ടിയതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

അഫീഫിന് സമീപം അല്‍ ഖസ്റ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹുമയാത്തിലാണ് അപകടം. വൈറ്റമിന്‍ പാലസ് എന്ന സൌദി അറേബ്യയിലെ അറിയപ്പെടുന്ന ഫാസ്റ്റ് ഫുഡ് ഷോപ്പ് ശൃംഖലയുടെ പാര്‍ട്ട്ണറാണ് ഷറഫുദ്ദീന്‍. മരിച്ച ആബിദ തിരൂരങ്ങാടി തൃക്കുളം സ്വദേശി പുല്ലാട്ട് വീട്ടില്‍ മുഹമ്മദ് ഹാജിയുടെ മകളാണ്. ആബിദയുടെ മകള്‍ സഹീദയുടേയും ചെമ്മാട് പാലത്തിങ്ങല്‍ താപ്പി അബ്ദുള്ളക്കുട്ടി ഹാജിയുടെ മകന്‍ നൌഫലിന്റേയും മകനാണ് മരിച്ച അബ്ദുള്ള നൌഫല്‍.

അപകടത്തില്‍ പരിക്കേറ്റ ഷറഫുദ്ദീനേയും നൌഫലിനേയും നൌഫലിന്റെ മറ്റ് രണ്ട് മക്കളേയും അഫീഫ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അല്‍ ഖസ്റ ആശുപത്രി മോര്‍ച്ചറിയില്‍.

മൃതദേഹം മക്കയില്‍ മറവു ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കെഎംസിസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ തെന്നല മൊയ്തീന്‍ കുട്ടി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍