ജര്‍മനിയിലെ സംഘടനകള്‍ സംയുക്തമായി ഇന്ത്യയുടെ സ്വാതന്ത്യ്രദിനം ആഘോഷിച്ചു
Saturday, August 16, 2014 9:41 AM IST
കൊളോണ്‍: ജര്‍മനിയിലെ സംഘടനകള്‍ സംയുക്തമായി ഇന്ത്യന്‍ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍, കിര്‍ഷ്ഹൈം ബില്‍ഡൂംഗ്സ് സെന്ററില്‍ ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) നേതൃത്വത്തില്‍ നടക്കുന്ന ഗ്ളോബല്‍ പ്രവാസി സംഗമത്തിന്റെ വേദിയിലാണ് ഇന്ത്യന്‍ സ്വാതന്ത്യ്രദിനത്തിന്റെ അറുപത്തിയെട്ടാമത് വാര്‍ഷികാഘോഷം ജര്‍മനിയിലെ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംയുക്തമായി ആഘോഷിച്ചത്.

പ്രഫ.ഡോ.രാജപ്പന്‍ നായര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി. സംഗമത്തില്‍ പങ്കെടുത്ത എല്ലാവരും ചേര്‍ന്ന് ദേശീയ ഗാനം ആലപിച്ചു. ജിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സ്വാതന്ത്യ്രദിന സന്ദേശം നല്‍കി.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്യ്ര ലബ്ധിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്മാക്കള്‍ക്കും വീരജവാന്മാര്‍ക്കും റോസാപൂക്കള്‍ നല്‍കി സംഘടനാ നേതാക്കള്‍ വേദിയില്‍ പ്രണാമം അര്‍പ്പിച്ചു. ഏബ്രഹാം നടുവിലേടത്ത് (പ്രസിഡന്റ്, നവോദയ, ഗ്രോസ്ഗെരാവു), ജോയ് വെള്ളാരംകാലായില്‍ (വൈസ്പ്രസിഡന്റ്, മൈെന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്‍), സോജന്‍ ജോസഫ്, പ്രസിഡന്റ് ജിഎംഎഫ്, യൂറോപ്പ് റീജിയന്‍), ജിജി വരിക്കാശേരി (ജിഎംഎഫ്. പ്രസിഡന്റ്, യുകെ.പ്രോവിന്‍സ്), മാത്യു ജോസഫ്, (പ്രസിഡന്റ്, കേരളസമാജം ക്രേഫെല്‍ഡ്), ജെമ്മാ ഗോപുരത്തിങ്കല്‍ (ഇന്ത്യന്‍ സ്കൂള്‍ കൊളോണ്‍), തെയ്യാമ്മ കളത്തില്‍കാട്ടില്‍ (കസ്തൂരി ശലങ്ക്ൈ ഒളി ഡാന്‍സ് സ്കൂള്‍), മാത്യു തൈപ്പറമ്പില്‍ (കെപിഎസി ജര്‍മനി), അഗസ്റിന്‍ ഇലഞ്ഞിപ്പിള്ളി (മാനേജിംഗ് എഡിറ്റര്‍, രശ്മി ദ്വൈമാസിക), സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മന്‍ പ്രോവിന്‍സ്), ജോയി മാണിക്കത്ത് (ദര്‍ശന തീയേറ്റേഴ്സ് കൊളോണ്‍), തമ്പി ഫിലിപ്പ് (ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍), ജോണ്‍സണ്‍ ചാലിശേരി (കേരള സമാജം മ്യൂണിക്) ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി, കേരള സമാജം കൊളോണ്‍), ജോസ് കുമ്പിളുവേലില്‍ (സെക്രട്ടറി, വേള്‍ഡ് മലയാളി കൌണ്‍സില്‍, ജര്‍മന്‍ പ്രോവിന്‍സ്) എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

വൈവിധ്യമാര്‍ന്ന കലാപരിപാടികളില്‍ ദേശഭക്തിഗാനങ്ങള്‍, നൃത്തങ്ങള്‍, ഗാനാലാപനം, ചെണ്ടമേളം, ഹാസ്യാവിഷ്കാരങ്ങള്‍ തുടങ്ങിയവ ആഘോഷത്തിന് കൊഴുപ്പുകൂട്ടി. ബേബി ചാലായില്‍, ജോജി കോട്ടയ്ക്കല്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍