ഐഎന്‍ഒസി പി.സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി
Saturday, August 16, 2014 9:30 AM IST
ഫിലാഡല്‍ഫിയ: കേരള രാഷ്ട്രീയത്തിലെ യുവ കേസരികളിലെ പ്രമുഖനും ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ നിയമസഭാ സമാജികനുമായ പി.സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് ഐഎന്‍ഒസിയുടെ പെന്‍സില്‍വേനിയ ചാപ്റ്റര്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സ്വീകരണം നല്‍കി.

പ്രസിഡന്റ് ജോസ് കുന്നേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സാബു സ്കറിയ എംസിയായിരുന്നു.

ഖദര്‍ഷാള്‍ അണിയിച്ച് പി.സി വിഷ്ണുനാഥിന് സമ്മേളനത്തില്‍ സ്വീകരിച്ചു. മറുപടി പ്രസംഗത്തില്‍ അമേരിക്കയില്‍ ഐഎന്‍ഒസിയുടെ പ്രവര്‍ത്തനം ഇനിയും വിപുലമാക്കണമെന്നും നാട്ടില്‍നിന്നും നേതാകള്‍ വരുമ്പോള്‍ മാത്രം കൂടുന്ന സമ്മേളനങ്ങളായി ചുരുങ്ങാതെ കഴിയുമെങ്കില്‍ എല്ലാ മാസവും കൂടണമെന്നും വിഷ്ണുനാഥ് പറഞ്ഞു.

മതേതരത്വം എന്ന ഇന്യയുടെ അടിസ്ഥാന പ്രമാണം മാറ്റി മറിക്കുകയാണെന്നും എന്നാല്‍ ഇതു വെറും താത്കാലികമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടി സടകുടഞ്ഞെഴുന്നേറ്റ് വീണ്ടും പൂര്‍വാധികം ശക്തിപ്രാപിച്ച് അധികാരത്തില്‍ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മികച്ച ഭരണമാണ് കാഴ്ച വയ്ക്കുന്നതെന്നും കേരളത്തിന്റെ സ്വപ്ന പദ്ധതികളെല്ലാം ഉടന്‍ പൂര്‍ത്തിയാക്കത്തക്ക വേഗതയിലാണ് മുമ്പോട്ടു പോകുന്നതെന്നും ജനോപകാരപ്രദമായ ഭരണമാണ് മുഖ്യമന്ത്രി കാഴ്ചവയ്ക്കുന്നതെന്നും പി.സി വിഷ്ണനാഥ് പറഞ്ഞു.

ഫിലാഡല്‍ഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുകയും സമ്മേളനത്തിന്റെ അവസാന ഭാഗത്ത് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. സാബു സ്കറിയ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്