രണ്ടു വര്‍ഷത്തിനുള്ളില്‍ ചെങ്ങന്നൂരിന്റെ മുഖഛായ മാറ്റും: പി.സി വിഷ്ണുനാഥ് എംഎല്‍എ
Saturday, August 16, 2014 4:51 AM IST
ന്യൂയോര്‍ക്ക്: അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ചെങ്ങന്നൂരിന് ബഹുമുഖ വളര്‍ച്ചയുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് എംഎല്‍എ പ്രസ്താവിച്ചു. ഹൃസ്വസന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ വിഷ്ണുനാഥ് എം.എല്‍.എയ്ക്ക് ചെങ്ങന്നൂര്‍ അസോസിയേഷന്‍ നല്‍കിയ ഊഷ്മളമായ വരവേല്‍പില്‍ സംസാരിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ വെച്ച് കൂടിയ സ്വീകരണ യോഗത്തില്‍ പ്രസിഡന്റ് ജോണ്‍ സി വര്‍ഗീസ് (സലീം) അധ്യക്ഷതവഹിച്ചു. സെക്രട്ടറി മത്തായി മാത്യു സ്വാഗതം ആശംസിച്ചു.

അടുത്ത നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കല്ലിശേരി- ഇറപ്പുഴ പാലത്തിനും, പുത്തന്‍വീട്ടില്‍പടി പാലത്തിനും തറക്കല്ലിടുമെന്ന് വിഷ്ണുനാഥ് ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അറിയിച്ചു. നിരവധി വികസന- നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ചെങ്ങന്നൂരില്‍ ആരംഭിക്കുമെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. കഴക്കൂട്ടം മുതല്‍ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ വരെയുള്ള കെ.എസ്.ടി.പിയുടെ റോഡ് പണി പൂര്‍ത്തീകരിച്ചതായും, അടുത്തതായി മൂവാറ്റുപുഴ വരെയുള്ള റോഡ് വികസനം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ സര്‍വീസ് അക്കാഡമിയുടെ പരിശീലന കേന്ദ്രം ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് സ്കൂളില്‍ ആരംഭിച്ചുകഴിഞ്ഞതായും 150 ദിവസം കൊണ്ട് പുതിയ കെട്ടിടങ്ങള്‍ പണിയുമെന്നും വിഷ്ണുനാഥ് തന്റെ മറുപടി പ്രസംഗത്തില്‍ അറിയിച്ചു. അത്യാധുനിക സൌകര്യങ്ങളുള്ള വിര്‍ച്വല്‍ ക്ളാസ് റൂം ഉള്‍പ്പടെയുള്ള കെട്ടിടം ഡിസംബര്‍ 28-ന് നൂറ്റിയമ്പതാം ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് അസന്നിഗ്ധമായി പ്രസ്താവിച്ചു.

ധനമന്ത്രി കെ.എം. മാണിയുടെ പ്രത്യേക താത്പര്യപ്രകാരം അഞ്ചുകോടി രൂപ മുതല്‍മുടക്കി പുതിയ കോര്‍ട്ട് കോംപ്ളക്സിനുള്ള പണി ആരംഭിക്കുമെന്നും, ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് പത്തര കോടി രൂപ മുതല്‍മുടക്കില്‍ മദര്‍ ആന്‍ഡ് ചൈല്‍ഡ് കെയര്‍ കോംപ്ളക്സ് ന്യൂഡല്‍ഹിയിലെ എയിംസിന്റെ നിലവാരത്തില്‍ ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ദുര്‍ഘടമായ ഗതാഗത കുരുക്കില്‍ നിന്നും രക്ഷ നേടുന്നതിനായി കല്ലിശേരിയില്‍ നിന്നും ആരംഭിച്ച് ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ ജംഗ്ഷനില്‍ എത്തുന്ന ബൈപാസ് റോഡിന്റെ സര്‍വ്വെ പൂര്‍ത്തകരിച്ചതായും വിഷ്ണുനാഥ് പറഞ്ഞു.

അസോസിയേഷന്‍ ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, അസോസിയേഷന്‍ രക്ഷാധികാരിയും കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് ഏബ്രഹാം, ഫോമാ റീജിയണല്‍ വൈസ് പ്രസിഡന്റ് ജേക്കബ് തോമസ്, സജി തോമസ്, ഫിലിപ്പ് ചാക്കോ, സാക്ക് സക്കറിയാ, ഫ്രേംസി തോമസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രസിഡന്റ് ജോണ്‍ സി. വര്‍ഗീസ് ചെങ്ങന്നൂരിന്റെ പൊതുവായ ആവശ്യങ്ങള്‍ എം.എല്‍.എയുടെ ശദ്ധയില്‍പ്പെടുത്തി. വൈസ് പ്രസിഡന്റ് വര്‍ഗീസ് പാറപ്പാട്ട് കൃതജ്ഞത ആശംസിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം