എസ്എംസിസി ഷിക്കാഗോ മാര്‍ ജോയി ആലപ്പാട്ടിനെ അനുമോദിച്ചു
Saturday, August 16, 2014 4:48 AM IST
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ സഹായ മെത്രനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിനെ സീറോ മലബാര്‍ കത്തീഡ്രലിലെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) അനുമോദിച്ചു.

2014 ഓഗസ്റ് പത്തിന് ഞായറാഴ്ച രാവിലെ 9.30-ന് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ കൂടിയ യോഗത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. താലപ്പൊലിയേന്തിയ കൊച്ചുകുട്ടികള്‍ നിയുക്ത പിതാവിനെ ഹാളിലേക്ക് ആനയിച്ചു. തുടര്‍ന്ന് കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിന് എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് സ്വാഗതം ആശംസിക്കുകയും മാര്‍ ജോയി ആലപ്പാട്ടിന്റെ നിയമനം അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് പ്രത്യേകം ദൈവം നല്‍കിയ അനുഗ്രഹമാണെന്നും പറയുകയുണ്ടായി. എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ജോസഫ് തോട്ടുകണ്ടത്തില്‍ നിയുക്ത പിതാവിനെ ബൊക്കെ നല്‍കി അനുമോദിച്ച് സംസാരിക്കുകയുണ്ടായി.

തന്റെ മറുപടി പ്രസംഗത്തില്‍ മാര്‍ ജോയി ആലപ്പാട്ട് എസ്.എം.സി.സി ഷിക്കാഗോയുടെ പ്രവര്‍ത്തനങ്ങള്‍ ഇടവകയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നും ഇങ്ങനെയുള്ള അനുമോദന യോഗങ്ങള്‍ നമ്മുടെ വിശ്വാസത്തിന്റെ പ്രഘോഷണമാണെന്നും പറഞ്ഞു. തന്റെ പ്രധാന ദൌത്യം മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനെ സഹായിക്കുക എന്നുള്ളതാണെന്നും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഈമാസം 18 മുതല്‍ നടക്കുന്ന സീറോ മലബാര്‍ സിനഡില്‍ സംബന്ധിക്കുവാന്‍ നാട്ടിലേക്കു പോകുന്ന മാര്‍ ജോയി ആലപ്പാട്ടിന് റവ.ഫാ. ജോര്‍ജ് നങ്ങച്ചിവീട്ടില്‍ എല്ലാവിധ ആശംസയും നേരുകയുണ്ടായി.

എസ്.എം.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് റോയി നെടുങ്ങോട്ടില്‍ ബഹു. പിതാവിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

എസ്.എം.സി.സി ഭാരവാഹികളായ ആന്റോ കവലയ്ക്കല്‍, കുര്യാക്കോസ് ചാക്കോ, ജേക്കബ് കുര്യന്‍, ബിജോയി കാപ്പന്‍, ഷിബു അഗസ്റിന്‍, റോയി ചാവടി, വിന്‍സെന്റ് മാത്യു, ജോയിച്ചന്‍ പുതുക്കുളം, പൈലപ്പന്‍ കണ്ണൂക്കാടന്‍, ഷാബു മാത്യു തുടങ്ങിയവരെ കൂടാതെ നിരവധി സീറോ മലബാര്‍ വിശ്വാസികള്‍ അനുമോദന സമ്മേളനത്തില്‍ പങ്കെടുത്തു.

എസ്.എം.സി.സി ഷിക്കാഗോ ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് യോഗ നടപടികള്‍ നിയന്ത്രിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം