ചങ്ങനാശേരി- കുട്ടനാട് പിക്നിക്ക് അവിസ്മരണീയമായി
Thursday, August 14, 2014 9:02 AM IST
ഷിക്കാഗോ: ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, ചങ്ങനാശേരി-കുട്ടനാട് പിക്നിക്ക് നടത്തി. ഓഗസ്റ് ഒമ്പതിന് ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള ലിന്‍വുഡ്സ് പാര്‍ക്കില്‍ വെച്ചായിരുന്നു പിക്നിക്ക്.

ചങ്ങനാശേരി - കുട്ടനാട് നിവാസികളും എസ്.ബി ആന്‍ഡ് അസംപ്ഷന്‍ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളുമായ നിരവധി മലയാളി സുഹൃത്തുക്കള്‍ പിക്നിക്കില്‍ പങ്കെടുത്തു.

ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളും പൂര്‍വ്വ കലാലയ സ്മരണകളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ് ബന്ധങ്ങളും പരിചയങ്ങളും പുതുക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നതിന് സുവര്‍ണ്ണാവസരമൊരുക്കിയ പിക്നിക്ക് ആയിരുന്നു ഇത്.

ഒരു നിര്‍ണ്ണായക പ്രഖ്യാപനത്തിന് പിക്നിക്ക് സാക്ഷ്യംവഹിച്ചു. എസ്.ബി അലുംമ്നിയുടെ ഷിക്കാഗോ ചാപ്റ്റര്‍ ഒരു ദശാബ്ദക്കാലത്തോളമായി ഷിക്കാഗോയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡിന്റെ 2014 മുതലുള്ള ക്യാഷ് അവാര്‍ഡിന്റെ സപോണ്‍സര്‍ഷിപ്പ് പരേതനായ മാത്യു വാച്ചാപറമ്പിലിന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് ജോര്‍ജുകുട്ടി വാച്ചാപറമ്പില്‍ എസ്.ബി അലുംമ്നിയുടെ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ചെറിയാന്‍ മാടപ്പാട്ടിന് സ്പോണ്‍സര്‍ഷിപ്പ് തുക കൈമാറിക്കൊണ്ട് മാത്യു വാച്ചാപറമ്പില്‍ മെമ്മോറിയല്‍ അവാര്‍ഡായി പ്രഖ്യാപനം നടത്തി.

ആളുകളുടെ സാന്നിധ്യംകൊണ്ടും വിനോദ പരിപാടികളുടെ വൈവിധ്യംകൊണ്ടും ഭക്ഷണ പാനീയങ്ങളുടെ വിഭവസമൃദ്ധിയാലും പിക്നിക്ക് പങ്കെടുത്ത ഏവര്‍ക്കും ആസ്വാദ്യജനകവും അവിസ്മരണീയമായ അനുഭവവും സമ്മാനിച്ച ഒന്നായി മാറി.

എസ്.ബി. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അപ്പച്ചന്‍ നെല്ലുവേലി ഉദ്ഘാടനം ചെയ്ത പിക്നിക്കിന് സ്വാഗതം ആശംസിച്ചത് എസ്.ബി അലുംമ്നി പ്രസിഡന്റ് ചെറിയാന്‍ മാടപ്പാട്ട് ആണ്. സണ്ണി വള്ളിക്കളം ഏവര്‍ക്കും നന്ദി പറഞ്ഞു. സ്വാഗതം ആശസിച്ച വേളയില്‍ ചെറിയാന്‍ മാടപ്പാട്ട് അടുത്ത നാളുകളില്‍ നിര്യാതരായ എസ്.ബി പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്ന ജിജി നീലത്തുംമുക്കിലിനും, ജോര്‍ജുകുട്ടി തെങ്ങുംമൂട്ടിലിനും, എസ്.ബി കോളജ് മലയാള വിഭാഗം മേധാവിയും പ്രൊഫസറുമായിരുന്ന ഐ. ഇസ്താക്കിനും ആദരാഞ്ജലികള്‍ നേര്‍ന്നു.

പിക്നിക്കിന്റെ ജനറല്‍ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത് ബിജി കൊല്ലാപുരം, സണ്ണി വള്ളിക്കളം, ഷിബു അഗസ്റിന്‍ എന്നിവരാണ്. കൂടാതെ ജിജി മാടപ്പാട്ട്, ആന്റണി ഫ്രാന്‍സീസ്, ഫിലിപ്പ് പവ്വത്തില്‍, ജയിംസ് ഓലിക്കര, സാലിച്ചന്‍, രാജന്‍ തലവടി, ജോണ്‍ നടയ്ക്കപ്പാടം, എബി തുരുത്തിയില്‍, ജോഷി വള്ളിക്കളം, ഷീബാ ഫ്രാന്‍സീസ്, റെറ്റി കൊല്ലാപുരം എന്നിവര്‍ പിക്നിക്കിനു നേതൃത്വം നല്‍കി. വിനോദ പരിപാടികള്‍ക്ക് ജോസ് കാവിലവീട്ടില്‍ നേതൃത്വം നല്‍കി.

ഏവരുടേയും സാന്നിധ്യ സഹകരണത്താല്‍ വന്‍ വിജയമായിരുന്ന പിക്നിക്ക് വൈകിട്ട് ഏഴുമണിയോടെ സമാപിച്ചു. പി.ആര്‍.ഒ ആന്റണി ഫ്രാന്‍സീസ് വടക്കേവീട് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം