ഡബ്ള്യുഎംസി ഗ്ളോബല്‍ സമ്മേളനത്തിന് ഉജ്ജ്വല സമാപനം
Thursday, August 14, 2014 8:48 AM IST
കോട്ടയം: ആഗോളതലത്തില്‍ മലയാളികളെ കൂട്ടിയിണക്കുന്ന ബഹൃത് സംഘടനയായ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഒരുക്കിയ ഒമ്പതാമത് ഗ്ളോബല്‍ സമ്മേളനം കുമരകത്തിന്റെ പ്രകൃതി സൌന്ദര്യത്തില്‍ അലിഞ്ഞുചേര്‍ന്നു. സംഘചേതനയുടെ കൈക്കരുത്തിലും ഒരുമയിലും രൂപരേഖ തയാറാക്കി പുതിയ കാഴ്ച്ചപ്പാടോടെ കൌണ്‍സിലിന്റെ നേതൃത്വം ഒരുക്കിയ നാലുദിന സമ്മേളനം കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ ഓഗസ്റ് ഏഴിന് (വ്യാഴം) കേരള ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ലോക മലയാളികളുടെ അനുഗ്രഹീത കൂട്ടായ്മയായ ഡബ്ള്യുഎംസി ഇതര സംഘടനകള്‍ക്ക് ഒരു മാതൃകയാണന്ന് ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ പറഞ്ഞത് നിറഞ്ഞകരഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി സ്വാഗതവും ഗ്ളോബല്‍ പ്രസിഡന്റ് എ.എസ്. ജോസ് നന്ദിയും പറഞ്ഞു.

ഉദ്ഘാടന ദിവസത്തെ പരിപാടികളായ സാന്ദ്രാ ഡിക്കന്‍സിന്റെ പ്രാര്‍ഥനാ ഗാനം, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്റെ സന്ദേശം, വിവിധ പ്രോവിന്‍സുകളിലെ കലാകാരികള്‍ അവതിരിപ്പിച്ച നൃത്തനൃത്യങ്ങള്‍ കുടാതെ യുപി പ്രോവിന്‍സ് അവതരിപ്പിച്ച ഓപ്പണിംഗ് നൃത്തം ഏറെ ചാരുത പകര്‍ന്നു. തൈക്കൂട്ടം ബ്രിഡ്ജിന്റെ സംഗീതക്കച്ചേരി ഏറെ മികവുറ്റതായി. ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഗ്ളോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി സ്വാഗതവും ഗ്ളോബല്‍ പ്രസിഡന്റ് എ.എസ്. ജോസ് നന്ദിയും പറഞ്ഞു.

എട്ടിന് (വെള്ളി) ഡബ്ള്യുഎംസി ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വിവിധ ചര്‍ച്ചകള്‍ നടന്നു. സാഹിത്യ, സാംസ്കാരിക, ചാരിറ്റി ഫോറങ്ങളുടെ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശം സമ്മേളനങ്ങളില്‍ ഏറെ സ്വാഗതം ചെയ്യപ്പെട്ടു. ഡോ. പി.പി. വിജയന്‍ നയിച്ച മെഡിക്കല്‍ സെമിനാര്‍ ഏറെ വിജ്ഞാനപ്രദമായിരുന്നു. വ്യവസായ സംരംഭക സെമിനാറും മികച്ച വ്യവസായികള്‍ക്കുള്ള അവാര്‍ഡ് ദാനവും (ഗ്ളോബല്‍ ബിസിനസ് എക്സലന്‍സ്) നടന്നു. ബിസിനസ് സെഷനുകളില്‍ വിവിധ വിഷയങ്ങള്‍ നിരത്തിയുള്ള ചര്‍ച്ചകള്‍ വിലപ്പെട്ടതും ഏറെ ദിശാബോധവും നല്‍കുന്നവയായിരുന്നു. എന്‍ആര്‍കെ സംഗമം, കലാപരിപാടികളും സമ്മേളനത്തെ സമ്പുഷ്ടമാക്കി. കൂടാതെ ഗ്ളോബല്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍, ഗ്ളോബല്‍ ജനറല്‍ കൌണ്‍സില്‍ മീറ്റിംഗ്, ഗ്ളോബല്‍ കാബിനറ്റ് മീറ്റിംഗ്, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവയും നടന്നു.

ഒമ്പതിന് ഓണാഘോഷത്തിന്റെ നിറവില്‍ ഒരുക്കിയ വടംവലി, ഉറിയടി, പൂക്കളം, ശിങ്കാരിമേളം, ഊഞ്ഞാലാട്ടം, തിരവാതിരകളി, മാര്‍ക്ഷംകളി, മാവേലി മന്നന്റെ എഴുന്നെള്ളത്ത്(മാവേലിയായി വേഷമിട്ടത് ജോസഫ് ഇഞ്ചിപ്പറമ്പന്‍), മലയാളി മങ്ക/പുരുഷ കുടുംബ മല്‍സരം തുടങ്ങിയവ മധുരസ്മരണകളുണര്‍ത്തി.

കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന സമൂഹ വിവാഹം അബ്ദുള്‍ സമദാനി എംപി നിര്‍വഹിച്ചു. ഹൃദയത്തില്‍ നിറം ചാര്‍ത്തുന്ന സ്നേഹം കുടുംബജീവിതത്തിലും ലോകത്തിനും മാതൃകയാവട്ടെയെന്ന് നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നുകൊണ്ട് എംപി പറഞ്ഞു.

വൈകുന്നേരം അഞ്ചിന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.എം മാണി അധ്യക്ഷത വഹിച്ചു. ലോകം മാറുന്നതിനൊപ്പം കേരളവും മാറണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ പ്രവര്‍ത്തനം ശക്തമാക്കി മുന്നേറുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലയാളികള്‍ വിദേശജോലിയുടെ പുറകെ പോവാതെ നാട്ടില്‍തന്നെ ജോലി ഉണ്ടാവുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ മലയാളികള്‍ പുതിയ ആശയങ്ങള്‍ നല്‍കണമെന്നും അടുത്ത ബജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായാല്‍ അതുംകൂടി ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി മാണി അറിയിച്ചു.

ചടങ്ങില്‍ പ്രവാസി ഭാരതീയ ജേതാവായ വര്‍ഗീസ് കുര്യനെ പൊന്നാടയണിയിച്ച് ആദരിച്ചു.സുവനീര്‍ പ്രകാശനം മന്ത്രി കെ.എം.മാണി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കി നിര്‍വഹിച്ചു.

വോഡാഫോണ്‍ കോമഡി ഷോയും, റിമി ടോമിയും ഐഡിയാ സ്റാര്‍ സിംഗര്‍ ടീമും അവതരിപ്പിച്ച ഗാനമേളയും പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടി. ഹൌസ്ബോട്ടില്‍ ഉച്ചഭക്ഷണം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സമ്മേളനത്തെ സമ്പന്നമാക്കിയെന്നു മാത്രമല്ല പങ്കെടുത്തവര്‍ക്ക് കുമരകത്തിന്റെ സൌന്ദര്യം ആവോളം ആസ്വദിക്കാനുള്ള അവസരവും ഒപ്പം വേറിട്ട പരിപാടികളായി മനസില്‍ സൂക്ഷിക്കാനും ഇടനല്‍കിയാണ് ഗ്ളോബല്‍ സമ്മേളനത്തിന് തിരശീല വീണത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍