കുവൈറ്റില്‍ പത്ത് സ്വദേശികളുടെ പൌരത്വം റദ്ദാക്കി
Thursday, August 14, 2014 6:25 AM IST
കുവൈറ്റ് സിറ്റി: മൂന്നാഴ്ചക്കിടെ കുവൈറ്റില്‍ വീണ്ടും പൌരത്വം റദ്ദാക്കല്‍. പത്ത് സ്വദേശികളുടെ പൌരത്വം റദ്ദാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.

യോഗത്തിനുപിന്നാലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന വഴി നല്‍കിയ പ്രസ്താവനയില്‍ പക്ഷെ, പൌരത്വം റദ്ദാക്കപ്പെട്ടവരുടെ പേരുകള്‍ വെളിപ്പെടുത്തുകയോ ഏതുവകുപ്പ് പ്രകാരമാണ് നടപടിയെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല.

പൌരത്വം റദ്ദാക്കപ്പെട്ടവരില്‍ പ്രമുഖ പണ്ഡിതനായ ഷേയ്ഖ് നബീല്‍ അല്‍അവദിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായി. അല്‍അവദി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. 'ദൈവത്തില്‍നിന്നാണ് നാം വരുന്നത്. മടങ്ങേണ്ടതും അവനിലേക്ക് തന്നെ' എന്ന സന്ദേശത്തോടെയാണ് അല്‍അവദി ഇക്കാര്യം പോസ്റ് ചെയ്തത്.

സിറിയന്‍ ഭരണകൂടത്തിനെതിരെ പൊരുതുന്നവര്‍ക്കുവേണ്ടി വാദിക്കുകയും ഫണ്ട് ശേഖരിക്കുകയും ചെയ്യുന്ന സുന്നി പണ്ഡിതരില്‍ പ്രമുഖനാണ് അല്‍അവദി. ഇത്തരക്കാര്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കാന്‍ കുവൈറ്റിന്റെ മേല്‍ അമേരിക്കയുടെ സമ്മര്‍ദമുണ്ട്. ഇതേ കുറ്റമാരോപിച്ച് കുവൈറ്റുകാരായ ശാഫി അല്‍അജ്മി, ഹജ്ജാജ് അല്‍അജ്മി, അബ്ദുറഹ്മാന്‍ അല്‍ഇന്‍സി എന്നിവര്‍ക്ക് അടുത്തിടെ അമേരിക്കന്‍ ട്രഷറി വകുപ്പ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ വിഷയത്തില്‍ അമേരിക്കയുടെ

ആരോപണത്തിന് വിധേയനായ ഒഖാഫ് നീതിന്യായ മന്ത്രി നായിഫ് അല്‍അജ്മി രണ്ടുമാസം മുമ്പ് രാജിവയ്ക്കാനും നിര്‍ബന്ധിതനായിരുന്നു. അതിനിടെ, പൌരത്വം റദ്ദാക്കല്‍ നടപടിയെ മനുഷ്യവകാശ സംഘമായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അപലപിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പൌരത്വം റദ്ദാക്കാന്‍ ഒരു സര്‍ക്കാരിനും അധികാരമില്ലെന്ന് ഹ്യൂമന്‍റൈറ്റ്സ് വാച്ച് പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക ഡയറക്ടര്‍ ജോ സ്റ്റോര്‍ക്ക് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രത്തിനെതിരെ കുവൈറ്റ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മറ്റൊരു തെറ്റായ നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍