യൂറോപ്പില്‍ ആദ്യ എബോള മരണം സ്ഥിരീകരിച്ചു
Wednesday, August 13, 2014 6:34 AM IST
മാഡ്രിഡ്: യൂറോപ്പില്‍ ആദ്യമായി എബോള വൈറസ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. പശ്ചിമ ആഫ്രിക്കയില്‍ വച്ച് എബോള ബാധിച്ച സ്പാനിഷ് പുരോഹിതനാണ് മരിച്ചത്. തലസ്ഥാനമായ മാഡ്രിഡിലെ ആശുപത്രിയിലായിരുന്നു 75 കാരനായ മിഗ്വേല്‍ പജാരെസിന്റെ അന്ത്യം.

ലൈബീരിയയില്‍ നിന്നും കഴിഞ്ഞാഴ്ചയാണ് ഇദ്ദേഹത്തെ സ്പെയിനില്‍ എത്തിച്ചത്. ലൈബീരിയന്‍ തലസ്ഥാനത്തെ ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എബോളക്കെതിരായ പരീക്ഷണ മരുന്ന് ഇദ്ദേഹത്തിന് നല്‍കിയെങ്കിലും ഫലിച്ചില്ല.

ഇതിനിടെ, എബോള വൈറസ് പടര്‍ന്നു പിടിച്ചതിനെത്തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. നാലു പതിറ്റാണ്ടു മുമ്പാണ് എബോള വൈറസ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 1013 പേര്‍ ഇപ്പോള്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലിബിയ, ഗിനിയ, സിറിയ, നൈജീരിയ തുടങ്ങിയ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം പടര്‍ന്നു പിടിച്ചിരിക്കുന്നത്. മോശമായ ആരോഗ്യ സംവിധാനം തന്നെയാണ് രോഗംപടരാന്‍ മുഖ്യമായും കാരണമായത്.

രാജ്യത്ത് എബോള വൈറസ് മൂലം മരിച്ച വൈദികന്റെ കാര്യത്തില്‍ ശരിയായ നടപടികള്‍ കൈക്കൊള്ളാത്ത സ്പെയിന്‍ ആരോഗ്യ മന്ത്രി അന്നാ മാറ്റോയ്ക്കെതിരെ ശക്തമായി വിമര്‍ശനവുമായി സാമൂഹ്യസംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മന്ത്രി അവധിക്കാലം ആഘോഷിക്കാന്‍ രാജ്യത്തിനു പുറത്തുപോയിരിക്കുകയാണെന്നാണ് വിമര്‍ശകരുടെ ഭാഷ്യം. എന്നാല്‍ മന്ത്രാലയം ഇക്കാര്യം നിരസിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍