കോഴിക്കോട് സ്വദേശി റിയാദില്‍ കുഴഞ്ഞു വീണ് മരിച്ചു
Wednesday, August 13, 2014 6:33 AM IST
റിയാദ്: മൂന്നു മാസം മുമ്പ് റിയാദില്‍ സന്ദര്‍ശക വീസയിലെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശി നെല്ലോളി മീത്തല്‍ സുരേന്ദ്രന്‍ നായര്‍ (62) ചൊവ്വാഴ്ച പുലര്‍ച്ചെ കുഴഞ്ഞു വീണു മരിച്ചു. മുറബ്ബ റിയാദ് അവന്യുവിലുള്ള മലബാര്‍ ഗോള്‍ഡില്‍ ജോലി ചെയ്യുന്ന മകന്‍ പ്രവീണിനേയും കുടുംബത്തേയും സന്ദര്‍ശിക്കാനാണ് സുരേന്ദ്രന്‍ നായര്‍ റിയാദിലെത്തിയത്.

കാലത്ത് പതിവ് സവാരിക്കായി പ്രവീണിന്റെ വീടിനടുത്തുള്ള മുറബ്ബ പാര്‍ക്കിലേക്ക് പോയ സുരേന്ദ്രന്‍ നായര്‍ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ വിലാസിനിയും സുരേന്ദ്രന്‍ നായരോടൊപ്പം റിയാദില്‍ വന്നിട്ടുണ്ട്. പ്രവീണിനെക്കൂടാതെ സുവിത, സുസ്മിത എന്നീ പെണ്‍മക്കളുമുണ്ട്. സജിത്, ഹരീഷ്, പ്രിന്‍സി എന്നിവര്‍ മരുമക്കളാണ്. മൃതദേഹം നാട്ടിലയക്കാനുള്ള നടപടി ക്രമങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകനായ അര്‍ശുല്‍ അഹമ്മദും മലബാര്‍ ഗോള്‍ഡിലെ അഷ്റഫും പ്രവീണിനോടൊപ്പമുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍