വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം: സ്വാഗതസംഘം രൂപീകരണവും കൂപ്പണ്‍ വിതരണവും നടത്തി
Wednesday, August 13, 2014 6:30 AM IST
കുവൈറ്റ്: ജനത കള്‍ച്ചറല്‍ സെന്റര്‍ (ജെസിസി) കുവൈറ്റ് നടത്തുന്ന വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. മണി പറൂരിനെ ജനറല്‍ കണ്‍വീനറായും സുധീഷ് പൂവങ്കലിനെ സ്വാഗത സംഘം കണ്‍വീനറായും തെരഞ്ഞെടുത്തു. കൂടാതെ പരിപാടിയുടെ വിപുലമായ നടത്തിപ്പിനായി 30 അംഗ സംഘത്തെയും തെരഞ്ഞെടുത്തു. മംഗഫില്‍ നടത്തിയ യോഗത്തില്‍ അവാര്‍ഡുദാന പരിപാടിയോടനുബന്ധിച്ച് നടത്തുന്ന റാഫിള്‍ കൂപ്പണിന്റെ ആദ്യ വിതരണം വൈസ് പ്രസിഡന്റ് പ്രേംദീപ്, കണ്‍വീനര്‍ രാജേഷ് നീലേശ്വരത്തിന് നല്‍കി നിര്‍വഹിച്ചു. പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണനാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

അവാര്‍ഡ് ദാനവും വാര്‍ഷിക പൊതുയോഗവും ഒക്ടോബര്‍ 31ന് (വെള്ളി) രാവിലെ 11 മുതല്‍ മംഗഫ് ഫിംഗര്‍ പ്രിന്റ് ഓഫീസിനു സമീപം സംഗീത ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ഓണാഘോഷ പരിപാടികളും ഇതോടൊപ്പം തന്നെ നടത്താവുന്നതാണ്.

ചടങ്ങില്‍ വിശിഷ്ടാഥിതികളായി സോഷ്യലിസ്റ് ജനതാ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷേയ്ക് പി. ഹാരിസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്ന അനുബന്ധ പരിപാടികളും നേതാക്കള്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്