ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞര്‍ക്ക് ആഗോള അംഗീകാരം
Wednesday, August 13, 2014 3:00 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജരായ രണ്ടു ശാസ്ത്രജ്ഞര്‍ക്ക് ഗണിതശാസ്ത്രത്തില്‍ ആഗോള അംഗീകാരം. ഗണിതത്തിലുള്ള നൊബേല്‍ പുരസ്കാരം എന്നറിയപ്പെടുന്ന ഫീല്‍ഡ് മെഡലിന് മഞ്ജുള്‍ ഭാര്‍ഗവയെ തെരഞ്ഞെടുത്തപ്പോള്‍, റോള്‍ഫ് നെവാന്‍ലിന്ന പുരസ്കാരത്തിന് സുഭാഷ് ഖോട്ട് അര്‍ഹനായി. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്സ് യൂണിയനാണ് പുരസ്കാരം നല്‍കുന്നത്.

പ്രിന്‍സ്റണ്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനാണ് മഞ്ജുള്‍ ഭാര്‍ഗവ. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ഫീല്‍ഡ് മെഡല്‍ പുരസ്ക്കാരം ലഭിക്കുന്നത്്.

നാലുപേരാണ് ഫീല്‍ഡ് മെഡലിന് ഇത്തവണ അര്‍ഹരായത്. മഞ്ജുളിനോടൊപ്പം ഇറാന്‍ വംശജയായ മറിയം മിര്‍സാഖാനി, ഓസ്ട്രിയന്‍ ഗണിതശാസ്ത്രജ്ഞന്‍ മാര്‍ട്ടിന്‍ ഹെയ്രര്‍, ബ്രസീലിയന്‍ വംശജന്‍ ആര്‍തര്‍ അവില എന്നിവരാണ് 2014-ലെ ഫീല്‍ഡ് മെഡലിന് അര്‍ഹരായവര്‍. ഈ പുരസ്കാരം നേടുന്ന ആദ്യ വനിതയാണ് മറിയം.

നാലുവര്‍ഷത്തില്‍ ഒരിക്കലാണ് 40 വയസില്‍ താഴെയുള്ള ഗണിതശാസ്ത്രജ്ഞര്‍ക്കുള്ള ഫീല്‍ഡ് മെഡല്‍ നല്‍കുന്നത്. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്കല്‍ യുണിയന്റെ നാലുവര്‍ഷത്തിലൊരിക്കല്‍ ചേരുന്ന അന്താരാഷ്ട്ര കോണ്‍ഗ്രസിലാണ് പുരസ്കാരം സമ്മാനിക്കുന്നത്.