ബോള്‍ട്ടണ്‍ തിരുന്നാളിന് കൊടിയിറങ്ങി
Tuesday, August 12, 2014 8:03 AM IST
ലണ്ടന്‍: ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങളും വേദിയെ ത്രസിപ്പിച്ച ഒരുപിടി കലാപരിപാടികളുമായി മൂന്നു ദിവസം നീണ്ടുനിന്ന ബോള്‍ട്ടണ്‍ മലയാളികളുടെ ആത്മീയ ഉത്സവത്തിന് കൊടിയിറങ്ങി. ഓഗസ്റ് 10ന് നടന്ന പ്രധാന തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ചും അടിമവച്ചും പരിശുദ്ധ അമ്മയുടെ അനുഗ്രഹം തേടി വിശ്വാസികള്‍ രാവിലെ മുതല്‍ ബോള്‍ട്ടണിലേക്ക് എത്തിക്കൊണ്ടിരുന്നു. രാവിലെ 10.45 ന് വൈദികരെ സ്വീകരിച്ച് അള്‍ത്താരയിലേക്ക് ആനയിച്ചതോടെ ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനയ്ക്ക് തുടക്കമായി. ഫാ ജോസ് വടക്കേക്കുറ്റ്, ഫാ. ജോസ് തേണ്ടാത്തറ, ഫാ. കുര്യാക്കോസ് തേണ്ടാത്തറ, മോണ്‍. ജോണ്‍ ഡെയില്‍, ഫാ. തോമസ് തൈകൂട്ടത്തില്‍ തുടങ്ങിയവര്‍ തിരുനാള്‍ കുര്‍ബാനയില്‍ കാര്‍മികരായി. ദിവ്യബലി മധ്യേ ഫാ. ജോസ് തിരുനാള്‍ സന്ദേശം നല്‍കി.

പരിശുദ്ധ അമ്മയുടെ ജീവിത വിശുദ്ധി നമ്മുടെ കുടുംബങ്ങള്‍ മാതൃകയാക്കി വിശ്വാസ തീക്ഷ്ണയില്‍ വളരുവാന്‍ അദ്ദേഹം ഏവരോടും ആഹ്വാനം ചെയ്തു. ദിവ്യബലിയെ തുടര്‍ന്ന് ലദീഞ്ഞും തിരുനാള്‍ പ്രദക്ഷിണത്തിനും തുടക്കമായി. കനത്ത മഴയെ തുടര്‍ന്ന് ദേവാലയത്തിന് ഉള്ളിലൂടെയാണ് തിരുനാള്‍ പ്രദക്ഷിണം നടന്നത്. ഇതേ തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും സ്നേഹവിരുന്നും നടന്നു. തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ക്ക് തുടക്കമായി.

ഇംഗ്ളീഷ് കമ്യൂണിറ്റികളടക്കം വന്‍ ജനാവലി തിരുനാള്‍ തിരുകര്‍മ്മങ്ങളും കലാപരിപാടികളും വീക്ഷിക്കാനെത്തിയിരുന്നു. സെക്രട്ടറി ടേംസി സ്വാഗതം ആശംസിച്ചതിനെ തുടര്‍ന്ന് വെല്‍ക്കം ഡാന്‍സോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. യുവജന സംഘടനകളും സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികളും വിവിധ കലാപരിപാടികളുമായി വേദിയില്‍ എത്തി. നാടന്‍ കലാരൂപങ്ങളും നൃത്താവിഷ്കാരങ്ങളും വേദിയെ ത്രസിപ്പിച്ചപ്പോള്‍ കലാപരിപാടികള്‍ നിറവിരുന്നായി മാറി.

മാര്‍ഗം കളി, സിനിമാറ്റിക്, ഫ്യൂഷന്‍ ഡാന്‍സുകള്‍, ഗാനമേള, സ്കിറ്റുകള്‍ തുടങ്ങിയവ ഉന്നത നിലവാരം പുലര്‍ത്തി.മോണ്‍. ജോണ്‍ ഡെയില്‍ അടക്കമുള്ള വൈദികര്‍ സന്ദേശം നല്‍കി. ട്രസ്റി ജോസ് ആന്റണി ഏവര്‍ക്കും നന്ദി പറഞ്ഞു. സാല്‍ഫോര്‍ഡ് രൂപതാ സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈകൂട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച അന്‍പതംഗ തിരുനാള്‍ കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചു. തിരുനാള്‍ തിരുകര്‍മ്മങ്ങള്‍ പങ്കെടുക്കാനെത്തിയവര്‍ക്കും കമ്മിറ്റിയംഗങ്ങള്‍ക്കും ഫാ. തോമസ് തൈക്കൂട്ടത്തില്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍