അല്‍കോബാര്‍ കെഎംസിസി ഷിഹാബ് തങ്ങള്‍ അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനവും ഓഗസ്റ് 15ന്
Monday, August 11, 2014 8:06 AM IST
അല്‍കോബാര്‍: കെഎംസിസി അല്‍കോബാര്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യ്ര ദിനമായ ഓഗസ്റ് 15 ന് (വെള്ളി) ശിഹാബ് തങ്ങള്‍ അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഡ്യ സമ്മേളനവും സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തിപകരാന്‍ നേതൃത്വപരമായ പങ്ക് വഹിക്കുന്ന കേരള രാഷ്ട്രീയ രംഗത്തെ പ്രോജ്ജ്വല വ്യക്തിത്വം ശിഹാബ് തങ്ങളെ അല്‍കോബാറിലെ ഇന്ത്യന്‍

സമൂഹത്തിന് അനുസ്മരിക്കാനും പിറന്ന മണ്ണില്‍ ജീവിക്കാനും ഉപജീവനം തേടാനുമായി പൊരുതുന്ന സയണിസ്റ് ഭീകരതയുടെ ഇരകളായ പാലസ്തീനികള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുമായി അല്‍കോബാര്‍ ക്ളാസിക് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ മത, സാമൂഹിക, രാഷ്ട്രീയ മാധ്യമ രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് കെഎംസിസി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

സംഗമത്തിന്റെ വിജയത്തിനായി മരക്കാര്‍ കുട്ടി ഹാജി, മാമു ഹാജി എന്നിവര്‍ രക്ഷാധികാരികളായി റഫീക്ക് പോയില്‍തൊടി, ഹബീബ് ഒ.പി., നാസര്‍ നാലകത്ത്,മൊയ്തുണ്ണി പാലപ്പെട്ടി, സിറാജ് ആലുവ, അബൂബക്കര്‍ കുന്നുമ്മല്‍ എന്നിവരടങ്ങിയ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം