എസ്എന്‍ഡിപി യുകെ ലോഗോ പ്രകാശനം ചെയ്തു
Monday, August 11, 2014 8:05 AM IST
ലണ്ടന്‍: യൂറോപ്പിലെ എസ്എന്‍ഡിപിയുടെ ആദ്യ ശാഖയായ 6170 ലോഗോ പ്രകാശനം ചെയ്ത് യുകെയിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സൌത്താംപ്ടണില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എസ്എന്‍ഡിപി യുകെ ശാഖായോഗം സെക്രട്ടറി വിഷ്ണു നടേശന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കും.

ജാതിയുടെ പേരില്‍ ജീവിക്കാന്‍ സ്വാതന്ത്യ്രം പോലും ഇല്ലാത്ത ഈ കാലഘട്ടത്തില്‍ ഗുരുവചനങ്ങളുടെ മാഹാത്മ്യം ശ്രീനാരായണീയര്‍ തിരിച്ചറിയണമെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ പ്രസിഡന്റ് സുജിത് ഉദയന്‍ ഓര്‍മിപ്പിച്ചു. സൌമ്യ ഉല്ലാസ് അധ്യക്ഷത വഹിച്ചു. ശാഖാ മനേജിംഗ് കമ്മിറ്റി അംഗം കുമാര്‍ സുരേന്ദ്രന്‍ ആശംസ നടത്തി. സുധാകരന്‍ പാല, കുമാരനാശാന്‍ കുടുംബ യൂണിറ്റ് കണ്‍വീനര്‍ ഹേമ സുരേഷും ജോ. കണ്‍വീനര്‍ രാകേഷ് കുമാറും സമ്മേളനത്തിന് നേതൃത്വം നല്‍കി.

ഗുരുദേവന്‍ കൊളുത്തിയ ദീപശിഖ ഇംഗ്ളണ്ടില്‍ എത്തിച്ച എസ്എന്‍ഡിപി യുകെ യോഗം 6170 സാരഥികള്‍ക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും എല്ലാവിധ പിന്തുണയും അറിയിച്ചു.

വിഷ്ണു നടേശന്‍, സുജിത് ഉദയന്‍, സൌമ്യ ഉല്ലാസ്, കുമാര്‍ സുരേന്ദ്രന്‍, സുധാകരന്‍ പാല എന്നീ യുവനേതൃത്വത്തിന്റെ ഭാവി സുരക്ഷിതമാണെന്ന ഉറച്ച വിശ്വാസം എല്ലാ സമാധാന പ്രിയരായ ശ്രീനാരായണീയരിലും ശക്തമായി വേരുറച്ചിട്ടുണ്ട്.

യുകെയില്‍ കുടിയേറിയിരിക്കുന്ന യുവതലമുറയ്ക്ക് ഗുരുവും ദൈവവുമായ ശ്രീനാരായണ ഗുരുദേവന്റെ ജീവിതവും വചനങ്ങളും പകര്‍ന്നു നല്‍കുവാന്‍ ക്യാമ്പുകള്‍ നടത്തുവാനും ഗുരുദേവ ജയന്തി ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുവാനും സമ്മേളനത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്