ഒഐസിസി സംവിധാനത്തോട് കെപിസിസി പ്രസിഡന്റിന് അതൃപ്തി
Saturday, August 9, 2014 9:02 AM IST
റിയാദ്: പ്രവാസലോകത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഏകോപിപ്പിച്ച് ഒരു സംഘടനയുടെ കീഴില്‍ അണിനിരത്തുന്നതിനായി നാല് വര്‍ഷം മുന്‍പ് കെപിസിസി അംഗീകാരത്തോടു കൂടി രൂപീകൃതമായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഒഐസിസി) യുടെ നിലവിലെ പ്രവര്‍ത്തനരീതിയില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ അതൃപ്തി രേഖപ്പെടുത്തി.

ഒഐസി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് വിതരണവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ പരാതിപ്പെടാനായി കെപിസിസി ആസ്ഥാനത്തെത്തിയ സോണ്‍ കമ്മിറ്റി ഭാരവാഹികളോടാണ് വി.എം. സുധീരന്‍ ഇക്കാര്യം സൂചിപ്പിച്ചത്. മെംബര്‍മാരില്‍ നിന്നും വരിസംഖ്യ പിരിക്കുന്നതും മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതും സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ യൂണിറ്റുകളില്‍ നിന്നും നിരന്തരം പരാതികള്‍ വരുന്നതും സമയാസമയങ്ങളില്‍ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ നടത്താത്തതും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗള്‍ഫിലെ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ ഭിന്നിപ്പുകള്‍ നിലനില്‍ക്കുന്നതുമാണ് കെപിസിസി പ്രസിഡന്റിന് ഒഐസിസിയുടെ ഇന്നത്തെ പ്രവര്‍ത്തനരീതിയോട് മതിപ്പ് കുറയാന്‍ കാരണമെന്നറിയുന്നു.

2010 ല്‍ ആണ് ഒഐസിസി എന്ന പ്രവാസി കോണ്‍ഗ്രസ് സംഘടനയെ കെപിസിസി അംഗീകരിച്ചത്. വിവിധ പേരുകളില്‍ ഗള്‍ഫിലേയും മറ്റ് വിദേശരാജ്യങ്ങളിലേയും മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനകളെല്ലാം പിന്നീട് ഒഐസിസി എന്ന ഒറ്റ നാമത്തിലാണ് അറിയപ്പെട്ടത്. ഒരു വര്‍ഷത്തേക്ക് 500 ഇന്ത്യന്‍ രൂപ വരിസംഖ്യ വാങ്ങിക്കൊണ്ട് കെപിസിസി നേരിട്ടാണ് വിവിധ പ്രദേശങ്ങളിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് മെംബര്‍ഷിപ്പ് നല്‍കുന്നത്. കെപിസിസി നല്‍കുന്ന മൂന്നു ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഈ മെംബര്‍ഷിപ്പ് കാര്‍ഡുകള്‍ പക്ഷേ പണം അടച്ച് കൊല്ലാവസാനം വരെ കാത്തിരുന്നാലും മെംബര്‍മാര്‍ക്ക് ലഭിക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. കഴിഞ്ഞ വര്‍ഷം 4000 മെംബര്‍ഷിപ്പുകള്‍ ചേര്‍ത്ത റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് അംഗങ്ങള്‍ക്ക് ലഭിച്ചത് 1218 കാര്‍ഡുകള്‍ മാത്രമാണ്. കെപിസിസിയോ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയോ മെംബര്‍ഷിപ്പ് സംബന്ധമായ കണക്കുകള്‍ അവതരിപ്പിക്കുകയോ ബാക്കി മെംബര്‍മാരുടെ കാര്‍ഡുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയിക്കുകയോ ചെയ്തിട്ടില്ല.

വിദേശരാജ്യങ്ങളില്‍ കഷ്ടപ്പെട്ട് ജോലി ചെയ്ത് കഴിയുന്ന പ്രവാസി മലയാളികളുടെ സമ്പാദ്യം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകരിക്കുന്നത് തീര്‍ത്തും സുതാര്യമായ രീതിയില്‍ ആയിരിക്കണമെന്നും അതിന് കഴിയില്ലെങ്കില്‍ മെംബര്‍ഷിപ്പ് ഫീസ് പിരിക്കാന്‍ പാടില്ലെന്നുമാണ് കെപിസിസി പ്രസിഡന്റിന്റെ നിലപാട്. റിയാദില്‍ നിന്നടക്കം വിവിധ രാജ്യങ്ങളിലെ ഒഐസിസി കമ്മിറ്റികളില്‍ ഇത്തരം പരാതികള്‍ കെപിസിസിക്ക് ലഭിച്ചിട്ടുണ്ട്. ഒഐസിസിയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യനോട് ഇതിനെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഗള്‍ഫിലെ ഒഐസിസി ഘടകങ്ങളില്‍ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും റിയാദില്‍ ഇതുവരെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. മെംബര്‍ഷിപ്പ് ചേര്‍ക്കുന്നത് പൂര്‍ത്തിയാവുകയും ഔദ്യോഗിക കമ്മിറ്റിയുടെ 3428 പേരുടേയും വിഘടിച്ചു നില്‍ക്കുന്നവര്‍ ചേര്‍ത്ത 675 പേരുടേയും വാര്‍ഷിക വരിസംഖ്യയായ 19 ലക്ഷം രൂപ കെപിസിസിക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടും ഭാരവാഹി തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ തുടരുകയാണ്. തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ആദ്യവാരം നടക്കുമെന്ന് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ അറിയിച്ചെങ്കിലും ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് വിഘടത വിഭാഗം നേതാവ് സത്താര്‍ കായംകുളം പറഞ്ഞത്.

ഓഗസ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്യദിനാഘോഷം എല്ലാവരേയും ഒന്നിച്ച് നിര്‍ത്തി സംയുകതമായി നടത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്െടങ്കിലും ഇതിനും എതിര്‍പ്പുകളുമായി ഒരുകൂട്ടം രംഗത്തുണ്െടന്നറിയുന്നു. ഒന്നിച്ച് നില്‍ക്കുകയാണെങ്കില്‍ റിയാദില്‍ ശക്തമായ അടിത്തറയുള്ള മികച്ച പ്രവാസി സംഘടനയെന്ന നിലയില്‍ പ്രവാസകള്‍ക്ക് ഉപകാരപ്രദമായ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ ഒഐസിസിക്ക് സാധിക്കും. ഇതിനായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നിഷ്പക്ഷമായ ഇടപെടലുകള്‍ പ്രതീക്ഷിക്കുകയാണ് റിയാദിലെ കോണ്‍ഗ്രസ് അനുഭാവികളും പ്രവര്‍ത്തകരും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍