വോക്കിംഗില്‍ 'യുക്മ ഫെസ്റ് 2014' സെപ്റ്റംബര്‍ 27 ന്
Saturday, August 9, 2014 8:39 AM IST
ലണ്ടന്‍: യുക്മയുടെ വാര്‍ഷിക ഉത്സവമായ യുക്മ ഫെസ്റ് ഈ വര്‍ഷം സൌത്ത് ഈസ്റ് റീജിയണിലെ വോക്കിംഗ് മലയാളി അസോസിയേഷന്റെ ആതിഥേയത്വത്തില്‍ നടത്തുന്നതിന് തീരുമാനിച്ചതായി യുക്മ ഫെസ്റ് 2014 കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗീസ് ജോണ്‍ അറിയിച്ചു.

വോക്കിംഗിലെ ബിഷപ് ഡേവിഡ് ബ്രൌണ്‍ സ്കൂള്‍ ആണ് ഇത്തവണത്തെ യുക്മ ഫെസ്റിനുള്ള വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 27 ന് രാവിലെ പത്തു മുതല്‍ ആരംഭിക്കുന്ന യുക്മ ഫെസ്റില്‍ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ക്ക് പുറമേ സാംസ്കാരിക സമ്മേളനവും യുക്മയുടെ ഈ വര്‍ഷത്തെ മികച്ച അസോസിയേഷനുകള്‍ക്കും പ്രതിഭകള്‍ക്കും ഉള്ള അവാര്‍ഡ് ദാനവും ഉണ്ടായിരിക്കും.

ഒക്ടോബര്‍ ആദ്യവാരം മുതല്‍ ആരംഭിക്കുന്ന യുക്മ റീജിയണല്‍ കലാമേളകള്‍ക്കും നവംബര്‍ എട്ടിന് മിഡ് ലാന്‍ഡ്സില്‍ നടക്കുന്ന യുക്മ നാഷണല്‍ കലാമേളക്കും ഉള്ള ഒരു പരിശീലനക്കളരി കൂടിയാകും പല കലാകാരന്മാര്‍ക്കും യുക്മ ഫെസ്റ് 2014ല്‍ പങ്കെടുക്കുന്നതിനായി യുകെയിലെ മുഴുവന്‍ മലയാളികളെയും യുക്മ അഭ്യുദയകാംക്ഷികളെയും തദവസരത്തിലേക്ക് ക്ഷണിക്കുന്നതായി യുക്മ നാഷണല്‍ പ്രസിഡന്റും യുക്മ ഫെസ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ വിജി കെ.പി അറിയിച്ചു. കുടുംബത്തോടൊപ്പം ഒരു ദിവസം ഉല്ലസിക്കാന്‍ വേണ്ട എല്ലാം തികഞ്ഞതായിരിക്കും യുക്മ ഫെസ്റ്. കൂടാതെ രുചികരമായ ഭക്ഷണം, ആവശ്യത്തിന് പാര്‍ക്കിംഗ് സൌകര്യം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ ദിനം ഒരു ആഘോഷ വേളയാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഉണ്ടാകും. കുട്ടികള്‍ക്കായി ഫെയിസ് പെയിന്റിംഗ്, മാജിക് ഷോ, ബൌണ്‍സി കാസില്‍ എന്നിവ ഒരുക്കുന്നതിനാണ് സംഘാടകര്‍ തയാറെടുക്കുന്നത്.

ചിട്ടയായി ആവിഷ്കരിച്ച് നടപ്പില്‍ വരുത്തിയ കലാസാംസ്കാരിക പരിപാടികളുടെ ഒരു ശ്രേണി തന്നെയുണ്ട് ഈ വര്‍ഷത്തെ യുക്മ ഫെസ്റില്‍. റീജിയണല്‍, നാഷണല്‍ കലാമേളകളും കായിക മത്സരങ്ങളും റീജിയണല്‍, നാഷണല്‍ തലങ്ങളില്‍ യുക്മ ചലഞ്ചേഴ്സ് കപ്പിനായി നടത്തിയ ബാഡ്മിന്റണ്‍ മത്സരങ്ങളും മികച്ച നാട്യരത്നങ്ങളെ തെരഞ്ഞെടുക്കാന്‍ വേണ്ടി ഒരുക്കിയ സൂപ്പര്‍ ഡാന്‍സര്‍ പ്രോഗ്രാമും യുക്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളും കെ.എസ് ചിത്ര വിധിനിര്‍ണയം നടത്തിയ യുക്മ സ്റാര്‍ സിംഗര്‍ പ്രോഗ്രാമും, യുകെയിലെ മലയാളികള്‍ക്കായി അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ സഹകരണത്തോടെ യുക്മ ഒരുക്കിയ ചിത്രഗീതം പ്രോഗ്രാമും യുക്മ സാംസ്കാരിക വേദി അണിയിച്ചൊരുക്കുന്ന തുഷാരം ഇമാഗസിനും ചിത്രരചനാ മത്സരവും സംഗീത ആല്‍ബവും യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നഴ്സസ് സര്‍വേയും, യുക്മ ചാരിറ്റി ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ ഡിലീറ്റ് ബ്ളഡ് കാന്‍സര്‍ ചാരിറ്റിയുമായി ചേര്‍ന്ന് നടത്തിയ അവയര്‍നെസ് ക്യാമ്പുകളും സാമ്പിള്‍ ശേഖരണവും അടക്കം നിരവധി കലാ,കായിക,സാംസ്കാരിക പരിപാടികളാണ് യുക്മയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം നടന്നത്.

ഈ പരിപാടികള്‍ സംഘടിപ്പിക്കുക വഴി പുതിയ പുതിയ പ്രതിഭകളെ കണ്െടത്തുന്നതിന് യുക്മക്ക് കഴിഞ്ഞു. അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും വിവിധങ്ങളായ ഈ പ്രതിഭകളെ ഒരേ വേദിയില്‍ അണിനിരത്തുന്നതിനും ഉള്ള അവസരമാണ് യുക്മ ഫെസ്റ്. കൂടാതെ യുക്മയുടെ പ്രഖ്യാപിത പരിപാടികളില്‍ നിര്‍ലോഭം പങ്കെടുത്ത അസോസിയേഷനുകളെയും സ്പോണ്‍സര്‍മാരെയും ആദരിക്കുന്നതിനും ഉള്ള വേദി കൂടിയാണ് യുക്മ ഫെസ്റ്. ബൃഹത്തായ ഈ പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. യുക്മ നാഷണല്‍, റീജിയണല്‍ ഭാരവാഹികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ കമ്മിറ്റിയുടെ പൂര്‍ണവിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുന്നതാണെന്നും യുക്മ ഒറ്റക്കെട്ടായി യുക്മ ഫെസ്റിന്റെ നടത്തിപ്പിനായി അണി ചേരണമെന്നും യുക്മ നാഷണല്‍ പ്രസിഡന്റ് കെ.പി വിജി, സെക്രട്ടറി ബിന്‍സു ജോണ്‍, ട്രഷറര്‍ ഫ്രാന്‍സിസ് മാത്യു എന്നിവര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍