അരിസോണയില്‍ ഓണാഘോഷം ഓഗസ്റ് 31 ന്
Saturday, August 9, 2014 8:37 AM IST
ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് അരിസോണയുടെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ഓഗസ്റ് 31 ന് (ഞായര്‍) ഇന്തോ- അമേരിക്കന്‍ കള്‍ച്ചറല്‍ സെന്ററില്‍ കൊണ്ടാടാന്‍ തീരുമാനിച്ചു. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് 'ഓണം പൊന്നോണം 2014' എന്ന പേരിലാണ് നടത്തപ്പെടുന്നത്.

രാവിലെ 11.30 ന് വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് കലാമേളയും സാംസ്കാരിക സമ്മേളനവും നടക്കും. കലാമേളയില്‍ ഓണപാട്ടുകള്‍, ലഘുനാടകം, നൃത്തനിര്‍ത്യങ്ങള്‍, മഹാബലിക്ക് വരവേല്‍പ്പ്, ചെണ്ടമേളം, തിരുവാതിര, പ്രസിദ്ധമായ ആറന്മുള വഞ്ചിപാട്ട് തുടങ്ങി കലാകേരളത്തിന്റെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന വിവിധ പരിപാടികള്‍ അരങ്ങേറും. കൂടാതെ ഇന്ത്യന്‍ വസ്ത്രങ്ങളുടേയും ആഭരണങ്ങളുടേയും മറ്റ് കരകൌശല വസ്തുക്കളുടേയും പ്രദര്‍ശനവും വില്‍പ്പനയും, മഹാബലി വരവേല്‍പ്പിനോടനുബന്ധമായി കേരളത്തിന്റെ തനതായ കലാരൂപങ്ങളായ മയിലാട്ടം, കാവടിയാട്ടം, കളരി പയറ്റ്, പുലികളി, മലയാളി മങ്ക എന്നിവ ആഘോഷത്തെ കൂടുതല്‍ വര്‍ണാഭമാക്കും. ഇതിന്റെ വിജയകരമായ നടത്തിപ്പിലേക്ക് അരിസോണയിലെ മലയാളി സമൂഹത്തിന്റെ സാന്നിധ്യവും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കലാപരിപാടികള്‍ക്ക് സ്മൃതി ജ്യോതിഷ്, ഓണസദ്യക്ക് കൃഷ്ണകുമാര്‍ പിള്ള, ഗിരിഷ് ചന്ദ്രന്‍, വേണുഗോപാല്‍, സുരേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു നായര്‍ 4803009189, രാജേഷ് ബാബ 6023173082.