മാതൃഭാഷാ പഠന സമാപാനം ഓഗസ്റ് 15ന്; പി.കെ. ബിജു എംപി മുഖ്യാതിഥി
Saturday, August 9, 2014 8:36 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റിന്റെയും മാതൃഭാഷാ സമിതിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ 23 വര്‍ഷക്കാലമായി നടന്നുവരുന്ന സൌജന്യ മാതൃഭാഷാപഠന ക്ളാസുകളുടെ ഈ വര്‍ഷത്തെ ഔപചാരിക സമാപന സമ്മേളനവും സ്വാതന്ത്യ്രദിന ആഘോഷവും ഓഗസ്റ് 15 ന് (വെള്ളി) അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടക്കും.

ചടങ്ങില്‍ മുഖ്യാതിഥിയായി പാര്‍ലമെന്റ് അംഗം പി.കെ.ബിജു എംപി പങ്കെടുക്കും.

കലയുടെ സജീവ പ്രവര്‍ത്തകനും കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ആര്‍. രമേഷിന്റെ സ്മരണാര്‍ഥം കല കുവൈറ്റ് ഏര്‍പ്പെടുത്തിയ പ്രവാസ ലോകത്തെ മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രഥമ രമേശ് സ്മാരക പ്രവാസി പുരസ്കാരം ഒമാനില്‍ നിന്നുള്ള പി.എം. ജാബിറിനു ചടങ്ങില്‍ സമ്മാനിക്കും.

മാതൃഭാഷാ പഠന ക്ളാസുകളില്‍ അധ്യാപന സേവനം നടത്തിയവര്‍, ക്ളാസുകള്‍ക്കായി സ്ഥലം അനുവദിച്ച വീട്ടുകാര്‍ എന്നിവരെ ആദരിക്കല്‍, സ്വാതന്ത്യ്രദിന ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ദേശഭക്തി ഗാന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവയും ചടങ്ങിന്റെ ഭാഗമായി നടക്കും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിക്കുന്ന ദേശഭക്തി ഗാന മത്സരത്തോടുകൂടിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. വൈകുന്നേരം അഞ്ചിന് മാതൃഭാഷാ പഠന സമാപന പൊതുസമ്മേളനം ആരംഭിക്കുക. ചടങ്ങില്‍ കുവൈറ്റിലെ ഭാഷാ സ്നേഹികള്‍, സാമൂഹ്യ സാംസ്കാരിക,മാധ്യമ രംഗത്തെ പ്രമുഖര്‍ എന്നിവരും അതിഥികളായി പങ്കെടുക്കും.

വിശദാംശങ്ങള്‍ക്ക്: 96652512 99530252 24317875.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍