അഡ്വാന്‍സ്ഡ് മള്‍ട്ടി മീഡിയ സൊലൂഷന്‍ ഗാനവിരുന്നു ശ്രദ്ധേയമായി
Saturday, August 9, 2014 8:34 AM IST
ജിദ്ദ: മാനവ മൈത്രിയുടെ യഥാര്‍ഥ പ്രതീകമാകുകയാണ് ജിദ്ദാ പ്രവാസ സമൂഹമെന്നും അവര്‍ക്കിടയില്‍ കാണുന്ന ജാതി മത രാഷ്ട്രീയ ബോധമെന്യേയുള്ള കൂട്ടായ്മയും സഹകരണവും മാതൃകാ യോഗ്യനാണെന്നും മലയാളം ന്യൂസ് പത്രാധിപസമിതിയംഗം സി.ഒ.ടി അസീസ് പറഞ്ഞു.

ഇവന്റ് മാനേജ്മെന്റ് രംഗത്തെ ശ്രദ്ദേയരായ 'അഡ്വാന്‍സ്ഡ് മള്‍ട്ടി മീഡിയ സൊലൂഷന്‍സ്' അല്‍ റയാന്‍ പോളിക്ളിനിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗാന വിരുന്നു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മജീദ് നഹ, ഉസ്മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, അബ്ദുറഹ്മാന്‍ എന്ന ഉണ്ണി, അനസ് പള്ളിവീട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇവന്റ് മാനേജ്മെന്റ് സംരംഭമായ 'അഡ്വാന്‍സ്ഡ് മള്‍ട്ടി മീഡിയ സൊലൂഷന്‍' പ്രതിനിധി അഷ്റഫ് അഴീക്കോട് കാര്യങ്ങള്‍ വിശദീകരിക്കുകയും പരിപാടി നിയന്ത്രിക്കുകയും ചെയ്തു. ഏതുതരം പരിപാടികള്‍ നടത്തുന്നതിനും ആവശ്യമായ ഓര്‍ഡറുകളും സ്വീകരിക്കുന്നതെന്നും അതിനാവശ്യമായ എല്ലാവിധ സജീകരണങ്ങളും മികച്ച രീതിയില്‍ തന്റെ സംരംഭത്തില്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് അല്‍ റയാന്‍ ആലപിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച ഗാനവരുന്നില്‍ ജമാല്‍ പാഷ, അബ്ദുള്‍ഹഖ് തിരൂരങ്ങാടി, നൂഹ് ബീമാപള്ളി,ആഷിര്‍ കൊല്ലം, ഫര്‍സാന യാസിര്‍, സൈബ സയാന്‍ പൊന്നാനി, സിനാന്‍ ജമാല്‍, ഹസീന അഷ്റഫ് എന്നിവര്‍ അണിനിരന്നു. അസ്വാദകസദസിന്റെ ആവശ്യപ്രകാരമുള്ള ഗാനങ്ങളാണ് കൂടുതലും വേദിയില്‍ ആലപിച്ചത് എന്നതുകൊണ്ടുതന്നെ പരിപാടിയില്‍ ആദ്യാവസാനം വരെ പൂര്‍ണമായും സദസ് ലയിച്ചിരുന്നു. ഫിറോസ് ഖാന്‍, എം.സി അഷ്റഫ് ഇരിക്കൂര്‍, പി.ശിഹാബുദ്ദീന്‍, റാഫി കുഞ്ഞിപ്പള്ളി, ബഷീര്‍ മാന്‍കടവ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ബഷീര്‍ തൊട്ടിയന്‍ അവതാരകനായിരുന്ന പരിപാടിക്ക് അസീസ് കോട്ടുപാടം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍