എസ്എന്‍ഡിപി സൌത്താംപ്ടണ്‍ കുടുംബ യൂണിറ്റ് ഉദ്ഘാടനം വര്‍ണാഭമായി
Friday, August 8, 2014 8:11 AM IST
സൌത്താംപ്ടണ്‍: ശ്രീനാരായണ സന്ദേശം യുകെയില്‍ ഉള്ള എല്ലാ ഗുരുഭക്തരിലും എത്തിക്കുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപിയുടെ ശാഖാ യോഗം 6170 ന്റെ അഞ്ചാമത് കുടുംബ യൂണിറ്റ് സൌത്താംപ്ടണില്‍ ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ കുടുംബ യൂണിറ്റിന്റെ രൂപീകരണത്തോടെ സൌത്താംപ്ടണിലെ ശ്രീനാരായണീയരുടെ വളരെക്കാലത്തെ ഒരു സ്വപ്നസാക്ഷാത്കാരമാണ് സഭലമായത്.

പൂളില്‍ നടന്ന സമ്മേളനം സെക്രട്ടറി വിഷ്ണു നടേശന്‍ ഉദ്ഘാടനം ചെയ്തു. സൌമ്യ ഉല്ലാസ് അധ്യക്ഷത വഹിച്ചു. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം കുമാര്‍ സുരേന്ദ്രന്‍ ആശംസാ പ്രസംഗം നടത്തി. കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ ഉദ്ഘാടനം യുകെ യോഗം പ്രസിഡന്റ് സുജിത് ഉദയന്‍ നിര്‍വഹിച്ചു. സുധാകരന്‍ പാല ദൈവദശകവുമായി ബന്ധപ്പെട്ട് പ്രഭാഷണം നടത്തി. കുമാരനാശാന്‍ കുടുംബയൂണിറ്റിന്റെ കണ്‍വീനറായി രാകേഷ് കുമാര്‍ ചുമതലയേറ്റു.

ഇംഗ്ളണ്ടിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടുംബ യൂണിറ്റുകള്‍ സ്ഥാപിച്ച് എസ്എന്‍ഡിപി യുകെ യോഗം 6170 ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ സമ്മേളനത്തില്‍ തീരുമാനിച്ചു. ദൈവദശകം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എസ്എന്‍ഡിപി യോഗത്തിന്റേയും ശ്രീനാരായണ ഗുരുവിന്റെയും പ്രാധാന്യം എല്ലാ ശ്രീനാരായണിയരിലും എത്തിക്കുമെന്ന് അംഗങ്ങള്‍ പ്രതിജ്ഞ എടുത്തു.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്