ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവക മിഷന് ഒന്നാം സ്ഥാനം
Friday, August 8, 2014 7:08 AM IST
ഡാളസ്: മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ഷിക്കാഗോയില്‍ നടന്ന പതിനൊന്നാമത് ദേശീയ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഒന്നാം സ്ഥാനം നേടി കാഷ് അവാര്‍ഡും ട്രോഫികളും കരസ്ഥമാക്കി.

സഭാ ചരിത്രം, മര്‍ക്കോസ് എഴുതിയ സുവിശേഷം ബൈബിള്‍ പരിചയം എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ ജോര്‍ജ് വര്‍ഗീസ്, ബാബു സി. മാത്യു, ലൈസി വര്‍ഗീസ്, മറിയാമ ഡാനിയേല്‍ എന്നിവര്‍ അടങ്ങുന്ന ടീം ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവക മിഷനെ പ്രതിനിധികരിച്ച് മത്സരത്തില്‍ പങ്കെടുത്തു.

ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്‍ ആതിഥേയത്വം അരുളിയ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മാര്‍ത്തോമ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ പൌലോസ് എപ്പിസ്കോപ്പാ വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്തു. അമേരിക്കന്‍ ഭദ്രാസനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി പത്തു ടീമുകളാണ് പ്രസ്തുത മത്സരത്തില്‍ പങ്കെടുത്തത്. ഹൂസ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ഇടവക മിഷന്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഷിക്കാഗോ മാര്‍ത്തോമ ഇടവകാംഗമായ തോമസ് മാത്യു ക്വിസ് മാസ്ററായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ഷാജി രാമപുരം