ഹൂസ്റണില്‍ കുമ്പനാട് - പുല്ലാട് സൌഹൃദ സംഗമം നടത്തി
Thursday, August 7, 2014 8:05 AM IST
ഹൂസ്റണ്‍: പിറന്ന മണ്ണിന്റെ ഊരും പേരും നിലനിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ മണ്ണില്‍ കുമ്പനാട് പുല്ലാട് സൌഹൃദ കൂട്ടായ്മയുടെ ദ്വിതീയ സംഗമം നടത്തി. നിരവധി പേര്‍ പങ്കെടുത്ത സംഗമത്തില്‍ ഇളംതലമുറയുടെ മാതൃഭാഷാസ്നേഹം തിളങ്ങിനിന്നും സിയന്നാറാഞ്ചില്‍ അയണ്‍റൈസിലുള്ള പ്രസിഡന്റ് റെജി ജോര്‍ജിന്റെ ഭവനത്തില്‍ ഓഗസ്റ് മൂന്നിന് വൈകുന്നേരം ആറിന് യോഗം ആരംഭിച്ചു.

ജോണ്‍ എം. ജോണ്‍ പ്രാര്‍ഥന നടത്തി. സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. ഫാ. കെ.എ ജോഷ്വാ നടത്തിയ മുഖ്യപ്രഭാഷണം നടത്തി.

വനിതാവിഭാഗം കോഓര്‍ഡിനേറ്റേഴ്സ് ജിജി സക്കറിയ, ജെസി വര്‍ഗീസ് എന്നിവര്‍ ആശംസ നേര്‍ന്നു. ലീന ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന റിഡില്‍സ് ഫോര്‍ കിഡ്സ് പ്രോഗ്രാമില്‍ സോഫിയ, സെറീന, ഐസേയ, ഷോണ്‍, ഏയ്ഞ്ചല്‍, അബി ഗെയില്‍ എന്നിവര്‍ പങ്കെടുത്തു. സൂസന്‍ അലക്സ് സ്പോണ്‍സര്‍ ചെയ്ത ഉപഹാരങ്ങള്‍ ഡാനിയേല്‍ സക്കറിയ, അലക്സാണ്ടര്‍ വര്‍ഗീസ്, കെ.എം മത്തായി എന്നിവര്‍ വിജയികള്‍ക്ക് സമ്മാനിച്ചു.

അടുത്ത സംഗമം 2015 ജനുവരിയില്‍ ഒന്നാം വാര്‍ഷിക സമ്മേളനമായി നടത്തുന്നതിന് തീരുമാനിച്ചു. കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിനായി ഫെയ്സ് ബുക്ക് ഗ്രൂപ്പ് നിര്‍മിക്കുന്നതിന് മിസൌറി സിറ്റി പ്ളാനര്‍ ജോസ് പി. ഏബ്രഹാമിനെ നിയോഗിച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായി അലക്സ് തോമസിനെ പ്രസിഡന്റ് നോമിനേറ്റ് ചെയ്തു.

യോഗത്തില്‍ റെനി കവലയില്‍ സ്വാഗതവും ഷിജു ജോര്‍ജ് നന്ദിയും പറഞ്ഞു. മോഡറേറ്ററായി സോഫിയ ജോര്‍ജും ഭക്തിഗാനം ആലപിച്ച് സജി പുല്ലാടും സംഗമത്തെ സ്നേഹകൂട്ടായ്മയാക്കി മാറ്റി. സ്നേഹവിരുന്നോടെ യോഗം സമാപിച്ചു.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍