ന്യൂജേഴ്സിയില്‍ 'നാമം' ഓണാഘോഷം സെപ്റ്റംബര്‍ ആറിന്
Thursday, August 7, 2014 8:00 AM IST
ന്യൂജേഴ്സി: പ്രമുഖ മലയാളി സംഘടനയായ 'നാമം' സെപ്റ്റംബര്‍ ആറിന് ന്യൂജേഴ്സിയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓണാഘോഷ പരിപാടികള്‍ വ്യത്യസ്ത പരിപാടികളാല്‍ പുതുമ നിറഞ്ഞതായിരിക്കുമെന്ന് പ്രസിഡന്റ് മാധവന്‍ ബി. നായര്‍ പത്രകുറിപ്പില്‍ അറിയിച്ചു.

പരിപാടികള്‍ രാവിലെ 11 മുതല്‍ ആരംഭിക്കും. അത്തപൂക്കള മത്സരം ഉള്‍പ്പെടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി കലാ പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്െടന്ന് കണ്‍വീനര്‍ സജിത്ത് പരമേശ്വരന്‍, കോകണ്‍വീനര്‍ ആശ വിജയകുമാര്‍ എന്നിവര്‍ കൂട്ടിചേര്‍ത്തു.

താലപ്പൊലി, ചെണ്ടമേളം, മഹാബലി തമ്പുരാനെ വരവേല്‍ക്കുന്ന ഘോഷയാത്ര, ഗാനമേള, നാമം അസോസിയേഷന്റെ മൂന്നാം തലമുറയില്‍പെട്ട കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവ ഓണാഘോഷ പരിപാടികള്‍ക്ക് മികവു കൂട്ടും. നാമം വനിതാ വിഭാഗം അവതരിപ്പിക്കുന്ന തിരുവാതിരകളിയോടെ പരിപാടികള്‍ തുടക്കം കുറിക്കും.

പദ്മജ പ്രേം, അഞ്ചു തമ്പി, പ്രേം നാരായണ്‍, സഞ്ജീവ് കുമാര്‍, ഉഷ അജിത്, അപര്‍ണ കണ്ണന്‍, സുഹാസിനി സജിത്ത്, കാര്‍ത്തിക് ശ്രീധര്‍, അംബിക ഗോപിനാഥ്, ബിനു നായര്‍, ഭാസ്കര്‍ നായര്‍, സുവര്‍ണ നായര്‍, സീന നായര്‍, വിനീത നായര്‍ എന്നിവര്‍ തിരുവാതിര, ഓണപാട്ട്, നാടന്‍ പന്തുകളി, പുലികളി, പായസ മത്സരം, വടംവലി മത്സരം, കസേരകളി എന്നിവ അടങ്ങുന്ന കലാ,കായിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ഓണാഘോഷ പരിപാടികളുടെ വേദിയായി കോള്‍ട്സ്നെക്ക്, ന്യൂജേഴ്സിയെ നാമം കമ്മിറ്റി തീരുമാനിച്ചതായി പിആര്‍ഒ വിനീത നായര്‍ അറിയിച്ചു. ഓണ സന്ദേശത്തിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. ഓണാഘോഷ പരിപാടികളില്‍ വിജയികള്‍ ആകുന്നവര്‍ക്കു ആകര്‍ഷണീയമായ സമ്മാനങ്ങള്‍ നല്‍കും.

നാമം ഓണാഘോഷ പരിപാടികളിലേക്ക് ജാതി മത ഭേദമന്യേ ഏവരെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് മാധവന്‍ ബി. നായര്‍, ജനറല്‍ സെക്രട്ടറി ബിന്ദു സഞ്ജീവ്, വൈസ് പ്രസിഡന്റ് ജിതേഷ് തമ്പി എന്നിവര്‍ പത്രകുറിപ്പില്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: വിനീത നായര്‍