എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാന്ത്വനം
Thursday, August 7, 2014 8:00 AM IST
കേംബ്രിഡ്ജ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രവാസികളുടെ സാന്ത്വനം. കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ 35 വീല്‍ചെയറുകള്‍ ദുരിതബാധിതര്‍ക്ക് നല്‍കിയാണ് ആശ്വാസമേകിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസസെല്‍ കാസര്‍ഗോഡ് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ വീല്‍ചെയറുകള്‍ വിതരണം ചെയ്തു.

ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അതിജീവനത്തിന് ജപ്പാന്‍ ജനതയെ മാതൃകയാക്കണമെന്ന് എംഎല്‍എ പറഞ്ഞു. ആണവവിസ്ഫോടനത്തിന്റെ ദുരന്തെത്ത അതിജീവിച്ച ഹിരോഷിമയും നാഗസാക്കിയും നല്‍കുന്ന പാഠം ആത്മവീര്യം പകരുന്നതാണ്. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍കൊണ്ടുമാത്രം എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് അതിജീവിക്കാനാവില്ല. അതിനുളള ആത്മവീര്യവും ഇച്ഛാശക്തിയും ദുരിതബാധിതര്‍ക്കുണ്ടാകണമെന്ന് എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ സെല്‍ അസിസ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍, ഹിരോഷിമ ദിന സന്ദേശം നല്‍കി. പ്രസ്ക്ളബ് പ്രസിഡന്റ് എം.ഒ വര്‍ഗീസ്, നാരായണന്‍ പേരിയ, പി. മുരളീധരന്‍, കുഞ്ഞിരാമന്‍ നായര്‍, കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളായ ജോസ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍.പി ബാലകൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

റിപ്പോര്‍ട്ട്: ബൈജു തിട്ടാല