ഷൂമാക്കറുടെ മെഡിക്കല്‍ രേഖകള്‍ മോഷ്ടിച്ചയാള്‍ ജീവനൊടുക്കി
Thursday, August 7, 2014 7:59 AM IST
ബര്‍ലിന്‍: സ്കീയിംഗ് അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറുടെ മെഡിക്കല്‍ റെക്കോഡുകള്‍ മോഷ്ടിച്ചു എന്നു സംശയിക്കപ്പെടുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മെഡിക്കല്‍ റെക്കോഡ് മോഷണവും പരസ്യപ്പെടുത്തലും സംബന്ധിച്ച് ഷൂമാക്കറുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ സ്വിസ് പോലീസ് ചൊവ്വാഴ്ച അറസ്റ് ചെയ്തിരുന്നു. പോലീസിന്റെ ഡിറ്റന്‍ഷന്‍ സെന്ററില്‍ തന്നെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്.

മോഷ്ടിച്ചെടുത്ത മെഡിക്കല്‍ റെക്കോഡുകള്‍ മാധ്യമങ്ങള്‍ക്ക് വിറ്റ് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ജര്‍മനിയിലെയോ ഇംഗ്ളണ്ടിലെയോ ഫ്രാന്‍സിലെയോ മാധ്യമങ്ങളൊന്നും ഇതു വാങ്ങി പ്രസിദ്ധീകരിക്കാന്‍ തയാറായില്ല. അമ്പതിനായിരം യൂറോയാണ് ഇയാള്‍ രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍