ജര്‍മനിയില്‍ ഒരു ലക്ഷം വിദേശികള്‍ക്ക് പൌരത്വം നല്‍കി
Thursday, August 7, 2014 7:59 AM IST
ബര്‍ലിന്‍: കഴിഞ്ഞ വര്‍ഷം ജര്‍മനി ഒരു ലക്ഷം വിദേശികള്‍ക്ക് പൌരത്വം നല്‍കി. ഇറ്റലിയില്‍നിന്നും ഉക്രെയ്നില്‍നിന്നുമുള്ളവരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന കാണുന്നത്. ജര്‍മന്‍ പൌരത്വം നേടുന്ന ബ്രിട്ടീഷുകാരുടെയും അമേരിക്കക്കാരുടെയും എണ്ണത്തിലും ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ഇന്ത്യയില്‍ നിന്നു കുടിയേറിയവരില്‍ ആയിരം പേര്‍ മാത്രമാണ് പോയ വര്‍ഷം പൌരത്വം നേടിയത്.

എണ്ണത്തില്‍ മുന്നില്‍ പതിവുപോലെ തുര്‍ക്കിക്കാര്‍ തന്നെ. എന്നാല്‍, ഇവരുടെ എണ്ണം കുറയുന്ന പ്രവണത തുടരുകയാണ്. 2013ല്‍ 28,000 തുര്‍ക്കിക്കാര്‍ മാത്രമാണ് ജര്‍മന്‍ പൌരത്വം സ്വീകരിച്ചത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പതിനാറു ശതമാനം കുറവ്. 1999ല്‍ തുര്‍ക്കിക്കാര്‍ മാത്രം ഒരു ലക്ഷത്തോളം പേരാണ് ജര്‍മന്‍ പൌരത്വം നേടിയത്.

തുര്‍ക്കിക്കാര്‍ കഴിഞ്ഞാല്‍ പോളിഷ് വംശജരാണ് കൂടുതല്‍ 5466. പിന്നെ ഉക്രെയ്ന്‍, ഗ്രീസ് എന്നിവിടങ്ങളില്‍നിന്നുള്ളവരും. യുഎസും ബ്രിട്ടനും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്കു പിന്നില്‍, ആയിരത്തില്‍ താഴെയാണ്. എന്നാല്‍, അമേരിക്കക്കാരുടെയും ബ്രിട്ടീഷുകാരുടെയും എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി.

വര്‍ധനയില്‍ മുന്നില്‍ ഇറ്റലി, ഉക്രെയ്ന്‍, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍. ഇവരുടെയെല്ലാം കാര്യത്തില്‍ ഇരുപതു ശതമാനത്തിലേറെയാണ് വര്‍ധന.

മധ്യജര്‍മന്‍ സംസ്ഥാനമായ നോത്ത്റൈന്‍ വെസ്റ്ഫാളിയാണ് ഏറ്റവും കൂടുതല്‍ ദേശീയവത്കരിക്കപ്പെട്ട സംസ്ഥാനം. 2013 ല്‍ 30,000 പേരാണ് ഇവിടെ ജര്‍മന്‍ പൌരത്വം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ മെക്ക്ലെന്‍ബുര്‍ഗ് സംസ്ഥാനമാണ്(491 പേര്‍).

ജര്‍മനിയില്‍ ആകെ കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം ഒരുലക്ഷത്തി പതിനായിരത്തോളം വരും. അതില്‍ ജര്‍മന്‍ പൌരത്വം നേടിയവര്‍ അറുപത്തിയേഴായിത്തോളവും ബാക്കി 43000 പേര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ധാരികളുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍