മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഓണാഘോഷം ഓഗസ്റ് 30ന്
Tuesday, August 5, 2014 4:12 AM IST
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളികള്‍ അത്തപ്പൂക്കളമൊരുക്കി ഓഗസ്റ് 30ന് (ശനി) പൊന്നോണം ആഘോഷിക്കുന്നു.

അത്തം മുതല്‍ പത്തുനാള്‍ ഓണമെന്ന മലയാളിയുടെ സങ്കല്‍പ്പം പൂര്‍ത്തീകരിക്കുവാന്‍ മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ഭാരവാഹികളുടെ പ്രവര്‍ത്തകരും അണിയറയില്‍ സജീവം.

സമത്വസുന്ദരമായ ഗതകാലത്തിന്റെ ഓര്‍മകള്‍ പ്രവാസികള്‍ പുതുക്കുന്നത് ഇത്തവണയും സ്പ്രിംഗ് ഡെയില്‍ ടൌണ്‍ഹാളിലാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും സ്ഥിരമായി ഇവിടെതന്നെ എംഎംഎഫ് ഓണം നടത്തിവരുന്നു എന്നതും ഒരു പ്രത്യേകതയാണ്. ഓണം ലോകമെമ്പാടുമുള്ള മലയാളികളെ നാടിന്റെ വൈകാരിതയുടെ പൊന്‍തൂവലില്‍ കോര്‍ക്കുന്ന ഒരു ആഘോഷമാക്കി മാറ്റുവാനാണ് മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ശ്രമിക്കുന്നത്.

രാവിലെ 10ന് ആരംഭിക്കുന്ന അത്തപ്പൂക്കള മത്സരം, കുട്ടികളുടെ മനസിലെ ഓര്‍മചെപ്പുകള്‍, കടലാസില്‍ പതിപ്പിക്കുന്ന കളറിംഗ്, ഡ്രോയിംഗ് മത്സരങ്ങള്‍, തുടര്‍ന്ന് ധാരാളം വിഭവങ്ങള്‍ ഒരുക്കിയ ഓണസദ്യ എന്നിവ നടക്കും.

ഉച്ചകഴിഞ്ഞ് മൂന്നിന് സാംസ്കാരിക സമ്മേളനം, ഇന്ത്യന്‍ എംബസി പ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍, സാംസ്കാരിക നേതാക്കള്‍, എംപിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഉദ്ഘാടനത്തിനുശേഷം കലാപരിപാടികള്‍, ഗാനമേള, വിവിധ സംഘടനകളുടെയും സ്കൂളുകളുടേയും നേതൃത്വത്തിലുള്ള നൃത്തനൃത്യങ്ങള്‍, ഫ്യൂഷന്‍, സിനിമാറ്റിക്, ഭരതനാട്യം തുടങ്ങിയ ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഭാഗമായിരിക്കും. കൂടാതെ പ്രശസ്ത മലയാളി സിനിമാതാരവും ആഘോഷത്തില്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്