'സ്നേഹ നിലാവ്' ആല്‍ബം ആദ്യ വില്‍പ്പന അന്‍പത് കോപ്പി നവ്യാനുഭവമായി
Monday, August 4, 2014 7:56 AM IST
ജിദ്ദ: ആല്‍ബം പാട്ട് ആസ്വാദകരെ തീര്‍ത്തും സംതൃപ്തിപെടുത്തുംവിധം സംഗീത സാന്ദ്രവും ശ്രാവ്യസുഖവുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'സ്നേഹ നിലാവ്' ജിദ്ദയില്‍ മജീദ് നഹ പ്രകാശനം ചെയ്തു. നവാഗതനായ ഷാനു മഞ്ചേരിയാണ് ഇതിലെ എട്ടു ഗാനങ്ങളുടേയും രചന നിര്‍വഹിച്ചിരിക്കുന്നത്. ഗാന രചനയിലും ആലാപന ശൈലിയിലും ഏറെ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന പത്തു ഗാനങ്ങള്‍ അടങ്ങിയ ആല്‍ബം ഒരേ സമയം അമ്പതു കോപ്പികള്‍ ആദ്യ വില്‍പന നടത്തിയും പുതുമ സൃഷ്ടിച്ചു. ഉസ്മാന്‍ ഇരുമ്പുഴി, ബഷീര്‍ തൊട്ടിയന്‍, ജാഫറലി പാലക്കോട്, അബ്ദുള്ള മുക്കണ്ണി, ഡോ. ഉമ്മര്‍ എന്നിവരാണ് ആദ്യവില്‍പ്പന നടത്തിയത്.

ഭക്തി, പ്രണയം, വിരഹം, പ്രവാസം, ദുഃഖം എന്നിവയെല്ലാം അതിന്റെ മൂര്‍ത്തമായ ഭാവത്തില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ കുറ്റമറ്റതും ഹിറ്റുകാളാകുന്ന രീതിയിലും ആണ് തയാറാക്കിയിരിക്കുന്നത്. കണ്ണൂര്‍ ശരീഫ്, സലീം കോടത്തുര്‍, തന്‍സീര്‍ കൂത്തുപറമ്പ്, സക്കീര്‍ ആലുവ, മെഹറിന്‍ എന്നിവര്‍ ആലാപനം നിര്‍വഹിച്ചിരിക്കുന്ന ഈ ആല്‍ബം നിര്‍മിച്ചിരിക്കുന്നത് ജംഷീര്‍ മഞ്ചേരിയാണ്. പ്രവാചക പ്രകീര്‍ത്തനമായി 'ത്വാഹ റസൂലിന്റെ ....', മാതൃസ്നേഹത്തിന്റെ തീവ്രമായ ഭാവം നിറച്ച് 'സ്നേഹത്തിന്റെ നിറകുടമെന്നുമ്മ ......', പ്രണയത്തിന്റെ കനലുകളായി 'അകലേ കാണാമറയത്തവളും കാത്തിരിപ്പുണ്ട് ..',

ഉപ്പയും മകളും പ്രവാസത്തിന്റെ അനുഭവങ്ങള്‍ അനുസ്മരിപ്പിക്കുന്ന 'കൊട്ടാരം കെട്ടേണം അന്ന് പറഞ്ഞിട്ട് കൊല്ലം ഏറെ .....' തുടങ്ങിയ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയാകളില്‍ പ്രകാശനത്തിന് മുമ്പേ ഹിറ്റായവയാണ്. മാപ്പിളപാട്ടിന്റെ തനിമയും ചിട്ടകളും പരമാവതി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയും മാപ്പിള പാട്ട് നിരൂപകന്‍ ഉമ്മര്‍ അഞ്ചച്ചവടിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്താണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

നബിദിന ഗാനങ്ങള്‍ കോര്‍ത്തിണക്കിയ പരിചയം മാത്രം കൈമുതലാക്കി, മാപ്പിള പാട്ട് ആല്‍ബം രചനാ രംഗത്ത് തികച്ചും പുതുമുഖമെങ്കിലും വളരെ ഇരുത്തം വന്ന രചനാ വൈഭവമാണ് ഓരോ ഗാനങ്ങളും ആസ്വാദകന് സമ്മാനിക്കുന്നത്. മഞ്ചേരി കിഴക്കേത്തല പുലിയഞ്ചാലില്‍ അബ്ദുറഹ്മാന്‍ ഖറുന്നീസ ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനായ ഷാനവാസ് എന്ന ഷാനു മഞ്ചേരിയാണ് ഏറെ പ്രതീക്ഷ നല്‍കുന്ന ഈ ഗാന രചയിതാവ്. ഒരു വര്‍ഷം മുമ്പ് രചന നിര്‍വഹിച്ച പ്രവാസി ഗാനം വന്‍ സ്വീകാര്യത ലഭിച്ചതോടെ തന്റെ കഴിവില്‍ ആത്മവിശ്വാസം ലഭിക്കുകയും ജീവിതം പാട്ട് രചനക്ക് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നുവെന്ന് ഷാനു പറഞ്ഞു.

രചനാരംഗത്ത് ഷാനുവിനു ഏറെ പ്രചോദനം നല്‍കിയത് പ്രശസ്ത ആല്‍ബം ഗാന രചയിതാവ് ഫൈസല്‍ പൊന്നാനിയും ഗഫൂര്‍ ചാലിലുമാണ്. മര്‍ജാന്‍, പ്രവാസി ബാച്ചിലര്‍, സലിം കാ ദോസ്ത് എന്നീ പുതിയ ആല്‍ബങ്ങളുടെ പണിപ്പുരയിലാണ് ഷാനു ഇപ്പോള്‍ ഉള്ളത്.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍