മാര്‍ ഇവാനിയോസ് ഫിസിക്സ് ഡിഗ്രി ക്ളാസ് പൂര്‍വ വിദ്യാര്‍ഥി സംഗമം കലാലയ സ്മരണകള്‍ അയവിറക്കി
Monday, August 4, 2014 7:42 AM IST
ഡാളസ്: പൂര്‍വകാല കലാലയ സ്മരണകളും ബന്ധങ്ങളും അനുഭവങ്ങളും പുതിയതും പഴയതുമായ ജീവിതാനുഭവങ്ങളും സുഹൃദ്ബന്ധങ്ങളും പരിചയങ്ങളും പുതുക്കുന്നതിനും പരസ്പരം പങ്കുവയ്ക്കുന്നതിനും 26 വര്‍ഷത്തിനുശേഷം തിരുവന്തപുരം രാജധാനി പാര്‍ക്ക് ഹോട്ടലില്‍ സുഹൃത്തുക്കള്‍ ഒന്നിച്ചു കൂടി.

198589 വര്‍ഷങ്ങളില്‍ തിരുവന്തപുരം ഇവാനിയോസ് കോളജില്‍ ഫിസിക്സ് ഐച്ഛിക വിഷയമെടുത്തു ഡിഗ്രി, മാസ്റര്‍ ഡിഗ്രി തലങ്ങളില്‍ ഒരേ ക്ളാസില്‍ പഠിച്ച പൂര്‍വ വിദ്യാര്‍ഥികളാണ് ഈ അപൂര്‍വ സംഗമം ഒരുക്കിയത്.

ഫേസ് ബുക്കില്‍ കൂടി ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പൂര്‍വ സുഹൃത്തുക്കളുടെ പേരുകള്‍ തെരഞ്ഞു, ബന്ധപെട്ടാണ് ഇത്തരം ഒരു ഉദ്യമം നടത്തിയതെന്ന് മീറ്റിംഗ് കോഓര്‍ഡിനേറ്റര്‍ സായി പ്രകാശ് പറഞ്ഞു.

കേരളത്തിലും വിദേശത്തും കുടുംബമായി ഇപ്പോള്‍ കഴിയുന്ന സുഹൃത്തുക്കള്‍ ഒന്നിച്ചു കൂടിയപ്പോള്‍ സന്തോഷത്തിന്റെയും ഉത്സവ പ്രതീതിയുടെയും നിമിഷങ്ങളായി മാറി. ഔദ്യോഗികമായി ഉന്നതനിലകളില്‍ കഴിയുന്നവര്‍ പൂര്‍വകാല സ്മരണകളില്‍ എത്തിയപ്പോള്‍ പാട്ടും മേളവുമായി അഞ്ചു മണിക്കൂര്‍ അവിടെ ചെലവിട്ടു. വളരെ സമയം എടുത്തു സുഹൃത്തുക്കളെ ഒന്നിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായ സായി കുമാര്‍ സ്വാഗതത്തിലൂടെ സുഹൃത്തുക്കളെ അറിയിച്ചു.

പഠിച്ച കോളജില്‍ തന്നെ പ്രഫസര്‍ ആയി സേവനം ചെയ്യുന്ന പ്രഫ. ഡോ. ജിജി കെ. തോമസ് പഠനകാല അനുഭവങ്ങള്‍ ഏറെ ആയിരുന്നു. പഠന കാലത്തെ പല അനുഭവങ്ങളും ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കു കാരണമായിട്ടുണ്െടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ കരസേനയില്‍ കേണല്‍ പദം അലങ്കരിക്കുന്ന ബിജു ഈശോ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കിട്ട സമയം വേര്‍തിരിച്ചാണ് പൂര്‍വ സുഹൃത്ത് സംഗമത്തിന് തിരുവന്തപുരത്ത് എത്തിയത്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ആര്‍മിയുടെ തലപ്പത്ത് എത്തിയ ബിജുവിനു ക്ളാസ് സുഹൃത്തുക്കളുടെ സംഗമം ശുഭോധര്‍ക്കമായ അവസരമായി മാറി.

കേരള സര്‍ക്കാരിന്റെ ധനകാര്യ വകുപ്പില്‍ ഉന്നത സ്ഥാനം വഹിക്കുന്ന രാജു മാവുങ്കല്‍ ദാസേട്ടന്റെ പാട്ടുകള്‍ പാടി സദസിന്റെ കൈയടി ഏറ്റുവാങ്ങി. കംപ്യൂട്ടര്‍ ശാസ്ത്രത്തില്‍ അഗ്രഗണ്യനും എന്‍സെന്‍ ഗ്ളോബല്‍ സൊലുഷൊണില്‍ പ്രോജക്ട് മാനേജര്‍ ആയി സേവനം ചെയ്യുന്ന മാത്യു ജോണും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ പരമാണു സിദ്ധാന്തത്തില്‍ ഗവേഷണം നടത്തുന്ന ടി.എല്‍. അജിത്തും കൃഷി വകുപ്പില്‍ ഡയറക്ടര്‍ പദവി അലങ്കരിക്കുന്ന റോയ് മാത്യുവും എത്തി ചേര്‍ന്നപ്പോള്‍ ഹൃദയസ്പൃക്കായ വേദിയായി മാറി.

സെന്റ് ഗോരെട്ടി ഹൈസ്കൂള്‍ അധ്യാപികയായ സൈയിറ കലാലയ ജീവിതത്തിലെ അനുഭവങ്ങള്‍ വേദിയില്‍ പങ്കിട്ടപ്പോള്‍ എല്ലാവരുടെയും കണ്ണുകളില്‍ നിന്നും ആനന്ദാശ്രു പൊഴിഞ്ഞു.

ക്ളാസില്‍ പലപ്പോഴും താമസിച്ചു വരാറുള്ള സുജ സെലിന്‍ എബി ഇപ്പോഴും പതിവ് തെറ്റിച്ചിട്ടില്ല. ഏഴാം കടലിനക്കരെ (അമേരിക്ക) നിന്നും ഒരു മണിക്കൂര്‍ താമസിച്ചെത്തിയ സുജയുടെ ആഗമനം ഹാര്‍ഷവരവത്തോട് സദസ് സ്വാഗതം ചെയ്തു. കുസൃതി ചോദ്യങ്ങളും അനുഭവ കഥകളുമായി നടന്ന നീണ്ട അഞ്ചു മണിക്കൂര്‍ എല്ലാവിധ ജീവിത സംഘര്‍ഷത്തിനു ഇടയിലുള്ള സുഹൃത് സംഗമത്തിനു ശുഭാന്ത്യമായി പര്യവസാനിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ