കലാവേദി കലോത്സവ് 2014: കാമ്പൈന്‍ കിക്കോഫ് നടത്തി
Monday, August 4, 2014 4:00 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ യുവപ്രതിഭകളെ കണ്െടത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കലാവേദി ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന്റെ കാമ്പൈന്‍ കിക്കോഫ് ന്യൂയോര്‍ക്കില്‍വച്ച് നടത്തപ്പെട്ടു. അറിയപ്പെടുന്ന കലാകാരനും, സാമുഹ്യപ്രവര്‍ത്തകനുമായ ഉണ്ണികൃഷ്ണന്‍നായരില്‍ നിന്നും സ്പോണ്‍സര്‍ഷിപ് സ്വീകരിച്ചുകൊണ്ട് മുഖ്യകണ്‍വീനര്‍ ജെ. മാത്യൂസ് കാമ്പൈന്‍ ഉത്ഘാടനം നിര്‍വഹിച്ചു. കലാവേദി ഫാമിലിനൈറ്റില്‍ വച്ച് നടത്തപ്പെട്ട ചടങ്ങില്‍ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുത്തു. ഒക്ടോബര്‍ 4, 11, 13 തീയതികളിലായി സംഗീത, നൃത്ത, നാടക മത്സരങ്ങളും, ഒക്ടോബര്‍ 25നു കലോത്സവ്അവാര്‍ഡ്നൈറ്റും ന്യൂയോര്‍ക്കില്‍വച്ച് അരങ്ങേറും.

പ്രത്യകിച്ചും യുവതലമുറയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 19 വയസ്സിനു താഴെയുള്ളവര്‍ക്കായിട്ടാണ് സംഗീതനൃത്തമത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. നാടകമത്സരത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. 1001 ഡോളറിന്റെ ഒന്നാം സമ്മാനം ഉള്‍പ്പടെ മൊത്തം 5000 ഡോളറിന്റെ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രശസ്ത കലാകാരനും, മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ ഉത്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ മലയാളത്തിലെ അഭിനേതാക്കള്‍ ഉള്‍പ്പടെ പ്രശസ്തര്‍ പങ്കെടുക്കും.

ലോകപ്രശസ്ത ബോളിവുഡ് നൃത്തസംഘമായ 'ആത്മ' അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ കലോത്സവത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. കുടാതെ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ യുവപ്രതിഭകളുടെ വിസ്മയം കൊള്ളിക്കാന്‍ പോന്ന അത്യുജ്ജലങ്ങളായ കലാപ്രകടനങ്ങളും പ്രേക്ഷകരെ ആനന്ദലഹരിയില്‍ ആറാടിക്കും. എല്ലാ കലാസ്നേഹികളുടെയും സഹായസഹകരണങ്ങള്‍ കലാവേദി അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക് ദയവായി കലാവേദിഓണ്ലൈന്‍ ഡോട്ട് കോം കാണുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം