എബോള രോഗികളെ പരിചരിക്കാന്‍ ജര്‍മന്‍ ആശുപത്രികള്‍ തയാര്‍
Saturday, August 2, 2014 8:10 AM IST
ബര്‍ലിന്‍: ലോകത്താകമാനം ഭീതി വിതച്ച് പടര്‍ന്നു പിടിക്കുന്ന എബോള വൈറസ് ബാധിച്ച രോഗികളെ പരിചരിക്കാന്‍ തയാറായിക്കഴിഞ്ഞെന്ന് ജര്‍മന്‍ ആശുപത്രികള്‍. ഹൈടെക് ഐസൊലേഷന്‍ വാര്‍ഡുകളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.

അതേസമയം, ജര്‍മനിയിലെ എയര്‍പോര്‍ട്ടുകള്‍ ഈ പകര്‍ച്ചവ്യാധി തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇനിയും സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. ആവശ്യമായ പരിശോധനകള്‍ പോലും പല വിമാനത്താവളങ്ങളിലും നടക്കുന്നില്ല.

എന്നാല്‍, ഉടനൊന്നും ജര്‍മനിയില്‍ ഈ രോഗം എത്താന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. എങ്കിലും ആശുപത്രികള്‍ കാലേകൂട്ടി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു. വെസ്റ് ആഫ്രിക്കയില്‍ ഉദ്ഭവിച്ച രോഗം അവിടെനിന്നുള്ള യാത്രക്കാരിലൂടെ ഏതു രാജ്യത്തുമെത്താന്‍ സാധ്യത നിലനില്‍ക്കുകയാണ്.

രണ്്ട് എബോള ബാധിതരെ ചികിത്സിക്കണമെന്ന് ഒരു ജര്‍മന്‍ ആശുപത്രിയില്‍ അഭ്യര്‍ഥന ലഭിച്ചിരുന്നതാണ്. എന്നാല്‍, പിന്നീട് അതു പിന്‍വലിക്കപ്പെട്ടു. അവര്‍ക്ക് എബോള വൈറസ് ബാധിച്ചിരുന്നില്ലെന്നാണ് ഇതില്‍നിന്നു മനസിലാകുന്നത്.

ഇതിനകം ലൈബീരിയ, സിയറ ലിയോണ്‍, ഗിനിയ എന്നിവിടങ്ങളില്‍ 672 പേര്‍ ഈ രോഗം ബാധിച്ചു മരിച്ചു. ഫെബ്രുവരി മുതലാണ് രോഗം കണ്ടു തുടങ്ങിയത്. ഇതിന് ഫലപ്രദമായ ചികിത്സയോ പ്രതിരോധ മാര്‍ഗങ്ങളോ ഇനിയും വികസിപ്പിച്ചെടുത്തിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍